
മത്സ്യങ്ങളും കുറഞ്ഞു
വർക്കല: കാപ്പിൽ മുതൽ വർക്കല ചിലക്കൂർ കടൽത്തീരം വരെയുള്ള തീരമേഖലയിലെ പ്രകൃതിദത്ത പാരുകൾ നാശത്തിലേക്ക്. ഇത് തനത് ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്.പ്രകൃതിയൊരുക്കുന്ന പാരുകൾക്ക് പുറമെ മത്സ്യബന്ധനം ലക്ഷ്യമാക്കി ഒരുക്കിയ കൃത്രിമമായ പാരുകളുമുണ്ട്.
എന്നാൽ പ്രകൃതിദത്തപാരുകൾ സംരക്ഷിക്കുന്നതിന് പദ്ധതികളൊന്നുമില്ലാത്തതാണ് വെല്ലുവിളി.
കടൽമത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്ന പാരുകളുടെ തകർച്ച മത്സ്യലഭ്യതയിലും പ്രകടമായിട്ടുണ്ട്. മത്സ്യബന്ധനബോട്ടുകളുടെ ആധിക്യവും രൂക്ഷമായ കടൽക്ഷോഭവും മൂലമാണ് പ്രധാനമായും പാരുകൾ തകരുന്നത്. സമീപത്തെ കുന്നുകൾ ഇടിഞ്ഞുവീഴുന്നതും തീരത്തുള്ള കരിങ്കൽ ഭിത്തിയെ കടലെടുക്കുന്നതുമൊക്കെ വെല്ലുവിളിയാകുന്നുണ്ട്.
മുൻകാലങ്ങളിൽ കട്ടമരവും കമ്പവലകളും ഉപയോഗിച്ച് പരമ്പരാഗത ശൈലിയിലാണ് കാപ്പിൽ വെറ്റക്കട,ശ്രീയേറ്റ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാൽ ഇന്ന് യന്ത്രവത്കൃത വള്ളങ്ങൾ കൂടുതൽ.
ഇടവ - കാപ്പിൽ കടൽത്തീരത്ത് നാല് പാദം മുതൽ പത്ത് പാദം വരെ പരന്നുകിടക്കുന്ന വെറ്റക്കട പാര്,കൂട്ടപ്പനയിൽകോടി,പിന്നേര് പാര്,എണിക്കപ്പാര്,പത്താം കല്ല്,തുമ്പേര്,ചിലക്കൂരിലെ മണിയൻ കല്ല് പാര്,വെട്ടൂർകല്ല്,കപ്പൽതാണ പാര്,ഒറ്റപ്പാര് എന്നിവയും തകർച്ചയുടെ വക്കിലാണ്.
സമീപ പ്രദേശമായ പരവൂർ പൊഴിക്കരികിലെ പൊഴിക്കര പാരിന് സമീപം ഡിസംബർ,ജനുവരി മാസങ്ങളിൽ നാരായണ കണവ പറ്റം ചേർന്നെത്തുമായിരുന്നു.ഇവയെ ഭക്ഷിക്കാൻ വലിയ മത്സ്യങ്ങളും തീരം കേന്ദ്രീകരിക്കും. നെടുവ,മോദ,നെയ്‌മീൻ,അഴുക,വേള,കൊഴുവ എന്നിവയാണ് പ്രധാനമായും എത്തുന്നത്. ഇവയെയാണ് നാടൻ മത്സ്യത്തൊഴിലാളികൾ പിടിച്ചിരുന്നത്.എന്നാൽ പാരുകൾ തകരുന്നതിനാൽ ഇത്തരം മത്സ്യങ്ങളെ ലഭിക്കുന്നില്ല. പാരുകൾ കേന്ദ്രമാക്കി വളരുന്ന കക്കയുടെയും ഞണ്ടിന്റെയും ലഭ്യതയും നന്നേ കുറഞ്ഞിട്ടുണ്ട്.
ലക്ഷങ്ങൾ മുടക്കിയുള്ള കൃത്രിമപാര് പദ്ധതി നടപ്പിലാക്കുന്നത് തീരദേശ വികസന കോർപ്പറേഷന്റെ കീഴിലാണ്. തീരത്ത് നിന്ന് കുറഞ്ഞത് പതിനഞ്ച് കിലോമീറ്ററുള്ളിൽ ഉൾക്കടലിൽ ഇരുപത് മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ പാര് നിക്ഷേപിച്ചാലേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
പാരുകൾ പ്രജനനകേന്ദ്രം
ലവണാംശവും ജീർണ ജൈവാവശിഷ്ടങ്ങളുമൊക്കെ അടിഞ്ഞുകൂടി പോഷകസമൃദ്ധമായ പരുക്കൻ കൽക്കെട്ടുകളിൽ രൂപം പ്രാപിക്കുന്നതാണ് പാരുകൾ.മത്സ്യങ്ങൾ പ്രജനനസമയത്ത് സുരക്ഷിതമായിരിക്കാൻ തിരഞ്ഞെടുക്കുന്ന ഇടം പാരുകളാണ്.മുട്ടയിടാനും അവ സുരക്ഷിതമായി വിരിഞ്ഞിറങ്ങി കുഞ്ഞുങ്ങളായി വളർത്താനുമുള്ള മത്സ്യങ്ങളുടെ മുൻകരുതലുകളായാണ് മത്സ്യങ്ങൾ ഈ പാരുകൾ തേടുന്നതിന് കാരണം.ചെമ്മീൻ,തെരണ്ടി,നെയ്മീൻ,വാള,മത്തി എന്നീ മത്സ്യങ്ങളുടെ പ്രജനനകേന്ദ്രമാണ് ഇവിടം.
കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കുന്നതിനായി പാര് നിക്ഷേപം നടത്തുമ്പോഴും അശാസ്ത്രീയതമൂലം
പ്രയോജനമുണ്ടാകുന്നില്ല.പ്രകൃതിദത്ത പാരുകൾ ശോഷണം നേരിടാൻ സർക്കാർ തല പദ്ധതികൾ കാര്യക്ഷമമാക്കണം.
പുത് ലിബായ്
ഇടവ ഗ്രാമപഞ്ചായത്ത് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |