
വടശ്ശേരിക്കര : കഴിഞ്ഞ രണ്ടു മാസമായി വടശ്ശേരിക്കര കുമ്പളത്താമൺ, ഒളിക്കല്ല് മേഖലകളിൽ ഭീതി വിതച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാവിലെ ആറുമണിയോടെയാണ് കടുവ കൂട്ടിലായ വിവരം നാട്ടുകാർ അറിയുന്നത്. ഇതോടെ മാസങ്ങളായി ഉറക്കമില്ലാതിരുന്ന നാടിന് വലിയ ആശ്വാസമായി.
ഞായറാഴ്ച പകൽ 11.30 ഓടെ കുമ്പളത്താമണ്ണിൽ നിന്ന് കടുവ പിടികൂടിയ ആടിനെ തന്നെ ഇരയായി വച്ചാണ് വനംവകുപ്പ് കെണിയൊരുക്കിയത്. കടുവ കൂട്ടിലായ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ദുർഘടമായ പാതയിലൂടെ വനംവകുപ്പ് ജീവനക്കാരും ജെ.സി.ബിയും ഉപയോഗിച്ച് 200 മീറ്ററോളം വലിച്ചാണ് കടുവ കുടുങ്ങിയ കൂട് പ്രധാന റോഡിലെത്തിച്ചത്. അവിടെ നിന്ന് പിക്കപ്പ് വാനിൽ ആദ്യം രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്കും പിന്നീട് അങ്ങമൂഴിയിലേക്കും കൊണ്ടുപോയി. കോന്നിയിൽ നിന്നെത്തിയ വെറ്റനറി ഡോക്ടർമാരുടെ സംഘം കടുവയെ പരിശോധിച്ചു. ഏകദേശം പന്ത്രണ്ട് വയസ് തോന്നിക്കുന്ന ആൺ കടുവയാണെന്നും മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലിൽ ശരീരത്തിൽ പരിക്കുകളുണ്ടെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കാഴ്ചശക്തി കുറവായ കടുവയുടെ ഒരു പല്ല് നഷ്ടപ്പെട്ടിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
പരിക്കേറ്റ കടുവയെ കാട്ടിലേക്ക് തിരിച്ചയച്ചാൽ അതിജീവിക്കാൻ
പാടായത് കൊണ്ട് തൃശൂർ പുത്തൂരുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി.
പിടികൂടിയത് പരിക്കേറ്റ ആൺകടുവയെ
ഭീതിയുടെ 60 നാളുകൾ
ഒക്ടോബർ 27: ജംഗിൾ ബുക്ക് ഫാമിലെ പോത്തിനെ കടുവ പിടികൂടി; ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു.
ഡിസംബർ 10: ഒളിക്കല്ല് പ്രദേശത്ത് കടുവയെ നാട്ടുകാർ നേരിൽ കണ്ടു. ഡിസംബർ 11: ജനവാസ മേഖലയിൽ വളർത്തുനായയെ കടുവ കൊന്നു. ഡിസംബർ 21: കുമ്പളത്താമണ്ണിൽ ആടിനെ പിടികൂടി. ഇതേ ആടിനെത്തന്നെ കെണിയാക്കി കടുവയെ കൂട്ടിലാക്കി.
കർഷകർക്ക് ആശ്വാസം, വേണം ജാഗ്രത
വളർത്തുമൃഗങ്ങൾ നിരന്തരം കൊല്ലപ്പെട്ടതോടെ വടശ്ശേരിക്കരയിലെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കടുവയെ പിടികൂടിയെങ്കിലും മേഖലയിൽ ആന, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം ഇപ്പോഴും രൂക്ഷമാണ്.
കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ തുടരണം.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |