
ധാക്ക: ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ പ്രസിദ്ധനായ യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥി നേതാവിന് കൂടി ഇന്നലെ വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടിയുടെ (എൻ.സി.പി) നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറിനാണ് (42) വെടിയേറ്റത്. തലയുടെ ഇടതുവശത്ത് വെടിയേറ്റതിനാൽ ആരോഗ്യനില ഗുരുതരമാണ്. വെടിവച്ചവരെ പിടികൂടാനായിട്ടില്ല. അതേസമയം,സംഭവത്തിന്റെ പശ്ചാതലത്തിൽ ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്.
ഖുൽനയിലെ സോനാദാംഗയിലെ വീട്ടിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് അജ്ഞാതർ സിക്ദറിനെ വെടിവച്ചത്. ഉടൻ ഖുൽന മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രക്ഷോഭങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ നടത്താനിരിക്കുന്ന തൊഴിലാളി റാലികളുടെ ആസൂത്രണത്തിലായിരുന്നു സിക്ദർ. നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ് ഇദ്ദേഹം.
തീവ്രനിലപാടുകാരനായ ഹാദി കഴിഞ്ഞയാഴ്ച വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ബംഗ്ലദേശിൽ വ്യാപക സംഘർഷം തുടരവേയാണ് വീണ്ടും വെടിവയ്പ്. ഡിസംബർ 12നാണ് ഹാദിയ്ക്ക് ധാക്കയിൽ അജ്ഞാതരുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ 18ന് മരിക്കുകയായിരുന്നു. ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബംഗ്ലദേശിൽ പ്രക്ഷോഭവും അക്രമവും തുടരുന്നത്.
മൊത്തലിബ് സിക്ദർ
നാഷണൽ സിറ്റിസൺ പാർട്ടിയുടെ നേതാവായ മുഹമ്മദ് മൊത്തലിബ് സിക്ദർ നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ്. ബംഗ്ലാദേശിലെ സോനാദംഗയിലെ ഷെയ്ഖ്പാറ സ്വദേശിയാണ്. 2024ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനുശേഷം, വിവേചനത്തിനെതിരായ വിദ്യാർത്ഥികളും ജാതിയ നാഗോറിക് കമ്മിറ്റിയും ചേർന്നാണ് ഈ വർഷം ആദ്യമാണ് പാർട്ടി രൂപീകരിച്ചത്.
ന്യൂനപക്ഷങ്ങളെ
സംരക്ഷിച്ചില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഇടക്കാല സർക്കാർ പരാജയപ്പെട്ടെന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗം. ഇതിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ഇന്നലെ രാജ്യതലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിനെതിരെ ഹിന്ദു,ന്യൂനപക്ഷ സംഘടനകൾ ധാക്കയിൽ മനുഷ്യച്ചങ്ങല തീർത്തു. ആൾക്കൂട്ടം കൊലപാതകം,മാദ്ധ്യമ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം,ഇന്ത്യൻ നയതന്ത്ര ദൗത്യത്തിന് സമീപമുള്ള അക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 21 പ്രതികളെ അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |