
യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശം
പാലോട്: ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽക്കാടുള്ളത് ശാസ്താംനടയിലാണ്. തുടർച്ചയായി ഓടുചുട്ടപടുക്ക,ഒരുപറ,ശംഖിലി,ചെന്തുറുണി എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് കണ്ടൽക്കാടുകൾ. പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവവൈവിദ്ധ്യപ്പെരുമയ്ക്ക് മുതൽകൂട്ടായ കാട്ടുജാതിക്ക മരങ്ങളുള്ള ശുദ്ധജല കണ്ടൽ ചതുപ്പ് പശ്ചിമഘട്ടത്തിലെ കുറച്ച് ഭാഗത്താണുള്ളത്. ഇവിടങ്ങളിൽ സംരക്ഷണമില്ലാത്തതിനാൽ സഞ്ചാരികളെത്തി മരങ്ങളുടെ വേര് പിഴുതെടുക്കുന്നതടക്കമുള്ള പ്രവർത്തികൾ ചെയ്യുന്നുണ്ട്.
പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന മുഴുവൻ കാട്ടുജാതിക്ക മരങ്ങളും ഒരുമിച്ച് കാണാനാകുന്ന ഏകയിടമെന്ന പ്രത്യേകതയും ഈമേഖലയ്ക്കുണ്ട്. നിത്യഹരിതവനങ്ങൾക്കും അർദ്ധ നിത്യഹരിതവനങ്ങൾക്കും ഇടയിൽ കാണുന്ന ശുദ്ധജല ചതുപ്പുകളിൽ ജൂലൈ ഡിസംബർ മാസങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുണ്ട്. ഈ ചതുപ്പുകളിൽ വനവൃക്ഷങ്ങൾ വളരില്ല. വെള്ളക്കെട്ടിൽ വളരുന്നതിന് അനുകൂലമായ വൃക്ഷങ്ങളാണ് ഇവിടെ വളരുക.
ഉണ്ടപ്പൈൻ,ചോരപ്പൈൻ, ചോരപ്പാലി,കൊത്തപ്പൈൻ, പത്രി എന്നീ കാട്ടുജാതിക്കാമരങ്ങൾ ഇവിടെ ഇടതിങ്ങി വളരുന്നു.സമീപകാലത്തായി പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിട്ട്യൂട്ടിലെ ഗവേഷകർ പുതിയ ഒരിനം മരം കണ്ടെത്തിയിട്ടുണ്ട്. മിരിസ്റ്റിക്ക ട്രോ ബോഗാരി എന്നാണ് നാമകരണം ചെയ്തത്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഞാവൽ വർഗ്ഗത്തിൽപെട്ട ചവറാൻ സസ്യം ഇവിടെയുണ്ട്. ശുദ്ധജല ചതുപ്പുകളിൽ 25മുതൽ 30വരെ മീറ്റർ പൊക്കത്തിൽ ഇവ വളരുന്നു.
ഉഭയജീവികൾ
പശ്ചിമഘട്ടത്തിൽ കാണുന്ന ഉഭയജീവികളിൽ അൻപത് ശതമാനവും ഇവിടെയുണ്ട്. കരഞണ്ടുകൾ,ചെങ്കാലൻ ഞണ്ടുകൾ, ചെമ്പൻ തവള,കുതിക്കും തവള, സുവർണ്ണ തവള, പറക്കും തവള എന്നിവയാണ് ഇവയിൽ പ്രധാനികൾ.
അൻപത്തി അഞ്ചിനം ഉരഗങ്ങൾ കണ്ടെത്തി
കുഴിമൂക്കൻ അണലി, കാട്ടുമണ്ഡലി, കങ്കാരു ഓന്ത് എന്നിവ ഇവയിൽ ചിലതാണ്. കാട്ടാമ, ചൂരൽ ആമ എന്നിവയെ കൂടാതെ കുഴൽ ചിലന്തി, കടുവാചിലന്തി, രാക്ഷസചിലന്തി,ജലോപരിതലത്തിൽ പൊങ്ങി കിടന്ന് മീൻ പിടിച്ച് ഭക്ഷിക്കുന്ന മീൻ പിടിയൻ ചിലന്തി, പലതരം മീനുകൾ എന്നിവയും ഈ ആവാസവ്യവസ്ഥയിൽ കഴിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |