
പത്തനംതിട്ട : സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലയിലെ വോട്ടർ പട്ടികയിൽ നിന്ന് 98,344 പേർ പുറത്തായി. നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയിൽ നിന്ന് 9.38 ശതമാനം ആളുകളെയാണ് നീക്കിയത്.
ജില്ലയിലാകെ 10,47,976 വോട്ടർമാരാണുണ്ടായിരുന്നത്. എസ്.ഐ.ആറിനുശേഷമുള്ള വോട്ടർപട്ടികയിൽ 9,49,632 വോട്ടർമാരാണുള്ളത്. മരണം, കണ്ടെത്താനാകാത്തവർ, മറ്റു സ്ഥലങ്ങളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ തുടങ്ങിയ ഗണത്തിലാണ് 98,344 വോട്ടർമാരെ ഒഴിവാക്കിയത്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 25,547 വോട്ടർമാരാണ് മരിച്ചവരായി കണക്കാക്കിയിരിക്കുന്നത്. 30,529 വോട്ടർമാരെ കണ്ടെത്താനാകാത്തവരാണ്. സ്ഥിരമായി മറ്റുസ്ഥലങ്ങളിൽ താമസമാക്കിയവർ 34,876 പേരാണ്. മറ്റു സ്ഥലങ്ങളിലെ പട്ടികയിൽ പേരു ചേർത്തവർ 4103. മറ്റുവിധത്തിൽ പുറത്തായിരിക്കുന്നത് 3289 പേർ. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അഡ്വ.ഓമല്ലൂർ ശങ്കരന് നൽകി കരട് വോട്ടർപട്ടിക പ്രകാശനം ചെയ്തു.
നിയോജക മണ്ഡലം, നിലവിലുണ്ടായിരുന്ന വോട്ടർമാർ, ഒഴിവാക്കപ്പെട്ടവർ, പുതിയ പട്ടികയിലെ ആകെ വോട്ടർമാർ ക്രമത്തിൽ.
തിരുവല്ല : 210910, 19752, 191158
റാന്നി : 190859, 19071, 171788
ആറന്മുള : 236496, 28402, 208094
കോന്നി : 200034, 15953, 184081
അടൂർ : 209677, 15166, 194511.
രേഖകൾ സമർപ്പിക്കാനുള്ളവർ 73,766
സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികളിൽ കൃത്യമായ രേഖകൾ സമർപ്പിക്കാനുള്ളവർ 73766 പേരാണ്. കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും രേഖകൾ കൃത്യമായി സമർപ്പിച്ചെങ്കിൽ മാത്രമേ അന്തിമപട്ടികയിൽ നിലനിറുത്തുകയുള്ളൂ. ഇതിനാവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പൂർത്തിയാക്കുമെന്ന് ജില്ലാകളക്ടർ പറഞ്ഞു.
നിലവിലെ വോട്ടർപട്ടികയിൽ പേരുണ്ടായിരിക്കുകയും എന്നാൽ 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെയിരിക്കുകയും ചെയ്ത ആളുകളുടെ പേരുകളാണിത്. എസ്.ഐ.ആർ ഫോമിൽ ഇവരുടെ ബന്ധുക്കളുടെ പേരുവിവരങ്ങളോ തിരിച്ചറിയൽ രേഖയോ നൽകി ക്രമവത്കരിക്കാതിരുന്നതിനാലാണ് ഇപ്പോൾ നോ മാപ്പിംഗ് വിഭാഗത്തിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരെ ബി എൽ ഒമാർ നോട്ടീസ് മുഖേന അറിയിക്കും. വോട്ടർപട്ടികയിലും ഇവരുടെ പേരുകൾ തിരിച്ചറിയാനാകും.
രേഖകർ സമർപ്പിക്കാനുള്ളവർ
നിയോജക മണ്ഡലാടിസ്ഥാനത്തിൽ:
തിരുവല്ല : 3559, റാന്നി : 16320, ആറന്മുള : 28045,
കോന്നി : 16353, അടൂർ : 9579.
വിവരങ്ങൾ വെബ്സൈറ്റിൽ
ഒഴിവാക്കപ്പെട്ടവർക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകി വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ വോട്ടർപട്ടികയും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങളും ബൂത്ത് അടിസ്ഥാനത്തിൽ ലഭ്യമാകും. 2026 ജനുവരി 22 വരെ ഇത്തരത്തിൽ രേഖകൾ സഹിതം എ ഇ ആർ ഒമാർക്ക് അപേക്ഷ നൽകാം. മാപ്പിംഗ് നടത്താനാകാത്തവരെ നോട്ടീസ് അയച്ച് എ.ഇ.ആർ.ഒമാർ മുഖേന തെളിവെടുക്കും. ഇത്തരം ജോലികൾക്കായി ജനുവരി 22വരെ ബി.എൽ.ഒമാർ ഡ്യൂട്ടിയിലുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
തിരുത്തലുകൾ വരുത്തിയ വോട്ടർപട്ടിക ഫെബ്രുവരി 21നു പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, തിരുവല്ല സബ്കളക്ടർ സുമിത് കുമാർ ഠാക്കൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |