
കൊച്ചി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവച്ചത് ആരോഗ്യ കേരളത്തിന്റെ ചരിത്രത്തിലെ വലിയൊരു ഉദ്യമമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോർജ് വാളൂരാൻ പറഞ്ഞു. ഞായറാഴ്ച രാത്രി മുതൽ ശസ്ത്രക്രിയാ നടപടികളുമായി ഇടവേളകളില്ലാതെ തിരക്കിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയോടെ താത്കാലിക വിശ്രമത്തിന് ഇറങ്ങുന്നതിനിടെ കേരളകൗമുദിയോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
12 വർഷമായി സർവീസിലുള്ള ഡോ.ജോർജ് വാളൂരാൻ കേരളത്തിൽ ആദ്യമായാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുൻപ് ന്യൂസിലൻഡിലെ ഓക്ലാൻഡ് സിറ്റി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ആറ് ഹൃദയമാറ്റ ശസ്ത്രക്രിയകളുടെ ഭാഗമായിട്ടുണ്ട് ഇദ്ദേഹം. കേരളത്തിൽ രാജഗിരി, ദയ, റെയിൽവേ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡോ.ജോർജ് വാളൂരാൻ കേരളകൗമുദിയുമായി സംസാരിച്ചപ്പോൾ.
ചോ: ദുർഗയുടെ ആരോഗ്യനില എങ്ങനെയുണ്ട്?
ഉ: ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. 72 മണിക്കൂറാണ് നിർണായകം. അത് പിന്നിട്ടാലെ പൂർണ വിജയമെന്ന് പറയാനാകൂ. സപ്പോർട്ട് മെഷീനുകൾ കൊടുത്തിട്ടുണ്ട്. ദുർഗയുടെ കിഡ്‌നിയുൾപ്പെടെ നന്നായി പ്രവർത്തിക്കുന്നു എന്നത് വളരെ പ്രതീക്ഷ നൽകുന്നു. പുതുഹൃദയം പുറന്തള്ളാതിരിക്കുന്നതിനുള്ള ആന്റി റിജക്ഷൻ മരുന്നുകളും ബി.പി മരുന്നുകളുമെല്ലാം നൽകുന്നുണ്ട്.
ചോ: ശസ്ത്രക്രിയ സംബന്ധിച്ച വെല്ലുവിളികൾ?
ഉ: വെന്റിലേറ്ററിൽ ഒന്നിലേറെ ദിവസം പ്രവേശിപ്പിക്കപ്പെട്ടയാളുടെ ഹൃദയം എന്നുള്ളതായിരുന്നു പ്രധാന വെല്ലുവിളി. ഹൃദയ ലഭ്യത വൈകിയതും നിയമക്കുരുക്കുമെല്ലാം ദുർഗയുടെയും സഹോദരന്റെയും മനസ് മടുപ്പിച്ചിരുന്നുവെന്നതും വെല്ലുവിളിയായിരുന്നു.
ചോ: നിയമ പ്രശ്‌നങ്ങൾ പ്രതിസന്ധി ആയല്ലോ?
ഉ: ഇത്രമേൽ ക്രിട്ടിക്കലായ ഒരാൾക്ക് മുന്നിൽ നിയമത്തിന്റെ ഇത്തരമൊരു കുരുക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന നിലയിലായിരുന്നു കാര്യങ്ങൾ. അത് പോലും നിയമപോരാട്ടത്തിലൂടെ മറികടക്കാനായെന്നതാണ് വിജയം.
ചോ: ശസ്ത്രക്രിയാ ടീമിനേക്കുറിച്ച്?
ഉ: അനുഭവ സമ്പത്തുള്ള ആരോഗ്യ രംഗത്ത് മികവ് തെളിയിച്ച ഡോക്ടർമാരും നഴ്‌സുമാരുമായിരുന്നു ടീമിലെന്നുള്ളത് കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന് വഴിയൊരുക്കി.
ചോ: സർക്കാരിന്റെ ഇടപെടലും സഹായവും?
ഉ: സർക്കാരിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. ആരോഗ്യമന്ത്രി മുതൽ ജനറൽ ആശുപത്രി സൂപ്രണ്ട് വരെയുള്ളവർ ഒറ്റമനസോടെ പ്രവർത്തിച്ചു. ശസ്ത്രക്രിയാ ഉപകരണങ്ങളും ജീവനക്കാരെയുമെല്ലാം നേരത്തെ തയാറാക്കാനായത് പ്രധാനപ്പെട്ട കാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |