കൊച്ചി: പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ താക്കോൽ ഒാർത്തഡോക്‌സ് വിഭാഗം വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിലിന് കൈമാറണമെന്ന് എറണാകുളം ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചു. പള്ളിയുടെയും സെമിത്തേരിയുടെയും നടത്തിപ്പ് ചുമതല പള്ളി വികാരിക്കായിരിക്കുമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പിറവം പള്ളിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ യാക്കോബായ വിഭാഗം തടയുകയാണെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം ട്രസ്റ്റി എം.പി. ബാബു നൽകിയ ഉപഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
കുർബാനയ്‌ക്കും ശവസംസ്‌കാരത്തിനും മതിയായ പൊലീസ് സംരക്ഷണം നൽകണം. പ്രാർത്ഥനയുൾപ്പെടെയുള്ള ചടങ്ങുകളിൽ എല്ലാ ഇടവകാംഗങ്ങൾക്കും പങ്കെടുക്കാം. വിധി നടപ്പാക്കുന്നതു തടയുന്നവരെ സിവിൽ ജയിലിലടയ്ക്കണമെന്നതടക്കമുള്ള മുൻ ഉത്തരവ് നിലനിൽക്കും. പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ നിയന്ത്രണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ രണ്ടാഴ്ചകൂടി സമയം വേണമെന്ന സർക്കാരിന്റെ ആവശ്യവും ഡിവിഷൻബെഞ്ച് അനുവദിച്ചു.
പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയിൽ താക്കോൽ കൈമാറാനുള്ള നിർദ്ദേശം നൽകരുതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. ഹർജി 30ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |