
തിരുവനന്തപുരം: വൈദ്യുതി സർചാർജ്ജ് പരിധി ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗലേറ്ററി കമ്മിഷൻ ഇന്നലെ തെളിവെടുപ്പ് പൂർത്തിയാക്കി. ഓൺലൈനായി നടന്ന തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയിൽ നിന്ന് വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടു. പല വിവരങ്ങളും ഹാജരാക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. കെ.എസ്.ഇ.ബി നിലപാടിൽ കമ്മിഷൻ അതൃപ്തി അറിയിച്ചു. ഇന്ധന സർചാർജുമായി ബന്ധപ്പെട്ട് വൈദ്യുതി വാങ്ങൽ ചിലവ് പരിധി ഇതുവരെ എത്ര തവണ കടന്നു, കേന്ദ്ര ചട്ടപ്രകാരം ആയിരുന്നെങ്കിൽ പൂർണമായും തുക തിരിച്ചെടുക്കാൻ കഴിയുമായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് കെ.എസ്.ഇ.ബിക്ക് കൃത്യമായ മറുപടി നൽകാനായില്ല. 2023ലെ കെ.എസ്.ഇ.ആർ.സി (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) ചട്ടത്തിലാണ് ഭേദഗതി വരുത്തുക. നിലവിൽ സർചാർജ്ജിന് യൂണിറ്റിന് 10പൈസയാണ് പരിധി.ഇത് ഒഴിവാക്കികൊണ്ട് താരിഫ് ചട്ടങ്ങളുടെ മൂന്നാം ഭേദഗതി വരുത്തി.ഇതിന്റെ കരടിൻമേലാണ് ഇന്നലെ തെളിവെടുത്തത്.അപ്രതീക്ഷിതമായുള്ള വൈദ്യുതി വർദ്ധന മറികടക്കാൻ പുറമേ നിന്നടക്കം വൈദ്യുതി വാങ്ങേണ്ട നഷ്ടം നികത്താനാണ് സർചാർജ് ഈടാക്കുന്നത്.തെളിവെടുപ്പിന് ശേഷം ചട്ടഭേദഗതി നടപ്പാകുന്നതോടെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവിന് ആനുപാതികമായി ഇന്ധന സർചാർജ് ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |