
തിരുവനന്തപുരം: പത്തിലും പ്ലസ്ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് നൽകുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. സി.ബി.എസ്.ഇ സെക്രട്ടറിക്കും കേരള റീജിയണൽ ഡയറക്ടർക്കുമാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
ഇവർക്ക് അധികസമയം അനുവദിക്കാതിരിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ 10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇത് വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും ബാധകമാക്കി. സമാന രീതിയിൽ സി.ബി.എസ്.ഇയിലും നടപ്പാക്കണമെന്നാണ് നിർദ്ദേശം. കമ്മിഷന് പരാതി നൽകിയ ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ ഭാരവാഹിയായ ബുഷ്റ ഷിഹാബിനോട് സി.ബി.എസ്.ഇ ബോർഡ് സെക്രട്ടറിക്ക് അപേക്ഷ നൽകാനും കമ്മിഷൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |