
മത പരിവർത്തന നിരോധന നിയമപ്രകാരം കേസ്
ഭോപ്പാൽ: ക്രിസ്മസ് ആഘോഷ പരിപാടികൾക്കിടെ മദ്ധ്യപ്രദേശിൽ രണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം. ജബൽപൂരിലും സിയോനിയിലുമാണ് ബജ്റംഗ്ദളിലെയും വിശ്വഹിന്ദു പരിഷത്തിലെയും പ്രവർത്തകരുൾപ്പെടെ
ആക്രമണം നടത്തിയത്. ജബൽപുരിലെ ഹവാബാഗ് വനിതാ കോളേജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണമുണ്ടായത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളിൽപ്പെട്ട സംഘം
പള്ളിയിലേക്ക് ഇരച്ചുകയറി. പള്ളിക്കുപുറത്ത് മുദ്രാവാക്യം വിളിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അന്ധരും കേൾവിക്കുറവുള്ളവരുമായ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ മതപരിവർത്തനം നടത്തിയതായി ഇവർ ആരോപിച്ചു.
തുടർന്ന് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മതപരിവർത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ കേസെടുത്തു. ഇതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. സിയോനി ജില്ലയിലെ ലഖ്നാഡൺ പ്രദേശത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. മതപരിവർത്തനം ആരോപിച്ച് ഒരു സംഘം പള്ളിയിലെത്തി. പ്രാർത്ഥന തടസപ്പെടുത്തി. പള്ളികൾക്കും ആഘോഷ സ്ഥലങ്ങൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സുരക്ഷ ഉറപ്പാക്കണം:
സി.ബി.സി.ഐ
ന്യൂഡൽഹി: രാജ്യത്ത് ക്രിസ്മസ് സമയത്ത് നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചും, ക്രിസ്ത്യൻ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ). മദ്ധ്യപ്രദേശിൽ കാഴ്ചാവൈകല്യമുള്ള വനിതയ്ക്കു നേരേ ബി.ജെ.പി നേതാവ് അഞ്ജു ഭാർഗവ നടത്തിയ പ്രവൃത്തികൾ ഞെട്ടിക്കുന്നതാണ്. വിദ്വേഷവും, അക്രമവും കാട്ടുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. നിയമവാഴ്ച ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |