പൊന്നാനി : തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂർ നിയോജക മണ്ഡലം പരിധിയിലെ മുഴുവൻ പഞ്ചായത്തുകളും വിജയിച്ച് യു.ഡി.എഫ്. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, പുറത്തൂർ, തൃപ്രങ്ങോട്, മംഗലം, പഞ്ചായത്തുകൾ മുഴുവനും യു.ഡി.എഫ് ഭരണമാണ് വരാൻ പോകുന്നത്. പൊന്നാനി ബ്ലോക്കിൽ ഇരുമുന്നണികളും സീറ്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ്. 2011-ലാണ് തവനൂർ നിയോജക മണ്ഡലം രൂപീകരിക്കപ്പെട്ടത്. അന്നുമുതൽ കെ.ടി. ജലീലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ് എല്ലാ അടവും പയറ്റിയിട്ടും മണ്ഡലം ജലീലിന്റെ കുത്തകയായി തുടരുകയാണ്. കഴിഞ്ഞ തവണ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിട്ടും ജലീലിനെ ഇളക്കാനായില്ല. ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് മാത്രമായിരുന്നു ഏക പോസിറ്റീവ്. എടപ്പാൾ പഞ്ചായത്താണ് പലപ്പോഴും നിയമസഭ തിരഞ്ഞെടുപ്പിൽ ജലീലിനെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത്. എന്നാൽ ഇത്തവണ എടപ്പാൾ പഞ്ചായത്തിലടക്കം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. വട്ടംകുളം, തൃപ്രങ്ങോട്, പുറത്തൂർ, തവനൂർ പഞ്ചായത്തുകളും ഒപ്പം പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ഇടതിനൊപ്പം ഭദ്രമായി നിലകൊണ്ടിരുന്ന സാഹചര്യവും മാറി. ഇത് അനുകൂലമാവുമെന്നാണ് യു.ഡി.എഫ് വിലയിരുത്തപ്പെടുന്നത്. ജലീലിന്റെ വ്യക്തിപ്രഭാവം മറികടക്കാനാവുന്ന ശക്തനായ ഒരു സ്ഥാനാർത്ഥിയെ കൂടി മത്സരിപ്പിക്കാനായാൽ വിജയ സാദ്ധ്യത കൂടുതലാണെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറുമെന്ന് പ്രഖ്യാപിച്ച ജലീൽ വീണ്ടും പൊതുരംഗത്ത് സജീവമായുള്ളത് ഇത്തവണ മത്സരിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. കെ.ടി.ജലീൽ മാറിയാൽ മണ്ഡലം കൈവിടുമെന്ന വികാരമുള്ളതിനാൽ ജലീലിനെ മത്സരരംഗത്തിറക്കാൻ ഇടതുമുന്നണിയിൽ നിന്നും സമ്മർദ്ദമുണ്ടാവും. മണ്ഡലത്തിൽ ബി.ജെ.പിയും തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുന്നുണ്ട്. തവനൂർ മണ്ഡലത്തിൽ ഉൾപ്പെട്ട എടപ്പാൾ പഞ്ചായത്തിലടക്കം അഞ്ചോളം സീറ്റുകളിൽ ഇത്തവണ ബി. ജെ. പി. വിജയം നേടിയിട്ടുണ്ട്. 9,490 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ തവനൂർ മണ്‌ഡലം പരിധിയിൽ യു.ഡി.എഫിനുള്ളത്. നിലവിലെ തവനൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കക്ഷി നില തൃപ്രങ്ങോട്(24) യു.ഡി.എഫ് 14 എൽ.ഡി.എഫ് 10 തവനൂർ(21) യു.ഡി.എഫ് 11 എൽ.ഡി.എഫ് 08 മറ്റുള്ളവർ 02 വട്ടംകുളം(22) യു.ഡി.എഫ് 13 എൽ.ഡി.എഫ് 06 മറ്റുള്ളവർ 03 എടപ്പാൾ(21) യു.ഡി.എഫ് 07 എൽ.ഡി.എഫ് 07 എൻ.ഡി.എ 05 മറ്റുള്ളവർ 02 കാലടി (18) യു.ഡി.എഫ് 13 എൽ.ഡി.എഫ് 04 മറ്റുള്ളവർ 01 പുറത്തൂർ (20) യു.ഡി.എഫ് 10 എൽ.ഡി.എഫ് 09 മറ്റുള്ളവർ 01 മംഗലം (21) യു.ഡി.എഫ് 16 എൽ.ഡി.എഫ് 03 മറ്റുള്ളവർ 02
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |