
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനിയായ 21കാരി ദുർഗ കാമിയുടെ ആരോഗ്യനിലയിൽ പുരോഗതി. ദുർഗ മരുന്നുകളോട് മികച്ച നിലയിൽ പ്രതികരിക്കുന്നുണ്ട്. ഹൃദയം മിടിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ആശുപത്രിയിൽ തങ്ങുന്ന അനുജൻ തിലക് കാമി ഇന്നലെ രാവിലെ ദുർഗയെ നേരിൽക്കണ്ടു. സംസാരിക്കാനായില്ലെങ്കിലും സഹോദരിയെ കണ്ടുവെന്നും സന്തോഷമുണ്ടെന്നും തിലക് പറഞ്ഞു. 72 മണിക്കൂറുകൾ പിന്നിടാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ പറഞ്ഞു. 72 മണിക്കൂറിനുശേഷം അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഐ.സി.യുവിലേക്ക് ദുർഗയെ മാറ്റും.
ദുർഗയുള്ള അഞ്ചാം നിലയിൽ അതീവസുരക്ഷ തുടരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20ന് നടന്ന ശസ്ത്രക്രിയയിലാണ് ദുർഗ കാമിയുടെ ഹൃദയം മാറ്റിവച്ചത്. അപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് മൃതസഞ്ജീവനി പദ്ധതിയിലൂടെ ലഭ്യമാക്കി ദുർഗയിൽ തുന്നിച്ചേർത്തത്.
ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തേതിനേക്കാൾ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്നത് ശുഭപ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഡോ. ഷഹീർ ഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി
ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ശുഭകരമായത് മാത്രമേ സംഭവിക്കൂ.
ഡോ. ജോർജ് വാളൂരാൻ
കാർഡിയോ തൊറാസിക്
ശസ്ത്രക്രിയാ വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |