നഗരത്തിൽ ഒട്ടേറെ പദ്ധതികളാണ് പുതിയ കോർപ്പറേഷൻ ഭരണസമിതിയെ കാത്തു നിൽക്കുന്നത്. നഗരത്തിലെ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായ ടാഗോർ ഹാൾ പുതുക്കി പണിയുന്ന പ്രവൃത്തിയാണ് ഇതിൽ പ്രധാനം. സ്ഥാനമൊഴിഞ്ഞ ഭരണസമിതി കടലാസുപണികളെല്ലാം ഏറെക്കുറെ പൂർത്തിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തറക്കല്ലിടൽ ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. ടാഗോർഹാൾ കെട്ടിടം പൊളിച്ചുമാറ്റിയിട്ട് മാസങ്ങളായി. പി.ഡബ്ല്യു.ഡിയിൽ നിന്ന് സാങ്കേതികാനുമതി ലഭിച്ചാൽ മാത്രമെ പുതിയ കെട്ടിടം പ്രവൃത്തി തുടങ്ങാൻ പറ്റൂ. പൂർത്തിയാകാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരും.
അടച്ചുപൂട്ടിയിട്ട് മൂന്ന് വർഷം
2022ലാണ് ടാഗോർഹാൾ അടച്ചുപൂട്ടിയത്. മൂന്നുവർഷം അടഞ്ഞുകിടന്നു. പല വർഷങ്ങളിൽ പലതരം അറ്റകുറ്റപണികൾ നടത്തിയിട്ടും ശരിയാവാതെ വന്നപ്പോഴാണ് കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ തീരുമാനമായത്. ഒടുവിൽ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലി പൂർത്തിയായി. 7.6 ലക്ഷം രൂപ ചെലവിലാണ് കെ.പി.എം ഓൾഡ് അയേൺ ട്രഡഡേഴ്സ് എന്ന കമ്പനി കെട്ടിടം പൊളിച്ചത്.
.പുതിയ കെട്ടിടത്തിന്റെ ചെലവ്- 67,75,46,108 രൂപ
.49 കോടി വായ്പയെടുത്താണ് നിർമാണം
.വായ്പ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന്
പുതിയ ടാഗോർ ഹാൾ ഇങ്ങനെ
മൂന്നു നിലയിൽ പുതിയ കെട്ടിടം.
2000 പേർക്ക് ഇരിക്കാവുന്ന ഹാൾ
.മിനിഹാൾ
.ഷോപ്പിംഗ് കോംപ്ലക്സ്
. പ്രത്യേക ലോഞ്ചിംഗ് ഏരിയ
.ഓപ്പൺ ആംഫി തിയേറ്റർ
.കവിതാതെരുവ്
ടാഗോർ ഹാളിൻറെ കഥ
മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ മഹാകവിയുടെ പേരിൽ സ്മാരകമന്ദിരങ്ങൾ പണിയാൻ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. അങ്ങനെയാണ് കോഴിക്കോട്ട് ടാഗോർ സെന്റിനറി ഹാൾ യാഥാർത്ഥ്യമാവുന്നത്. 1973ലായിരുന്നു നിർമാണം. 52 വർഷത്തിനുശേഷമാണ് ഹാൾ പുതുക്കിപണിയുന്നത്. ഇതിന്റെ ടാഗോർഹാൾ അടഞ്ഞുകിടക്കുന്നതോടെ നഗരത്തിൽ സാംസ്‌കാരിക പരിപാടികൾക്ക് ഉചിതമായ വേദി ഇല്ലാത്ത അവസ്ഥയാണ്. ടൗൺഹാൾ മോടി കൂട്ടി തുറന്നുവെങ്കിലും ചോർച്ചയുടെ പ്രശ്നം ഇനിയും പൂർണമായി പരിഹരിച്ചിട്ടില്ല. ടാഗോർഹാൾ പോലെ വിശാലമായ സ്ഥലസൗകര്യം ടൗൺഹാളിൽ കിട്ടുന്നുമില്ല. ഏതായാലും ടാഗോർഹാൾ പുതിയ മന്ദിരം നിർമാണം തുടങ്ങാൻ ഡിസംബർ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ടാഗോർഹാൾ അടച്ചതോടെ എസ്.കെ ഹാൾ, കണ്ടംകുളം ജൂബിലി ഹാൾ, ശ്രീകണ്‌ഠേശ്വര ഹാൾ എന്നിവിടങ്ങളിൽ തിരക്ക് കൂടിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |