
ചിറയിൻകീഴ്: തോട്ടവാരം,അയന്തിക്കടവ് - മേൽകടയ്ക്കാവൂർ,തിനവിള,കീഴാറ്റിങ്ങൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വാമനപുരം നദിക്ക് കുറുകെ തോട്ടവാരം - പാറയിൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നു. പാലത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പാലം നിർമ്മാണം ആരംഭിക്കുന്നതിനായുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും എം.എൽ.എ വി.ശശി പറഞ്ഞു. ഇവിടെ പാലം ഇല്ലാത്തതുകാരണം തിനവിള, കീഴാറ്റിങ്ങൽ,പഴഞ്ചിറ,മേൽകടയ്ക്കാവൂർ ഭാഗങ്ങളിലുള്ളവർക്ക് ചിറയിൻകീഴിൽ എത്തണമെങ്കിൽ കിലോമീറ്ററുകളോളം ചുറ്റണം. ഇപ്പോൾ ഈ ഭാഗങ്ങളിലുള്ളവർ കൊല്ലമ്പുഴ വഴിയോ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് വഴിയോ ആണ് ചിറയിൻകീഴിലെത്തുന്നത്. പാലം വരികയാണെങ്കിൽ കീഴാറ്റിങ്ങൽ, തിനവിള,മേൽ കടയ്ക്കാവൂർ, ഭാഗങ്ങളിലുള്ളവർക്ക് പത്ത് മിനിട്ട് കൊണ്ട് ചിറയിൻകീഴിൽ എത്താം. അതിനുപുറമെ പാലം വഴി വലിയകട-ബൈപ്പാസ് റോഡ് വഴി കണിയാപുരത്തെത്തി തിരുവനന്തപുരം ഭാഗത്തേയ്ക്കും എളുപ്പം എത്താം. പഞ്ചായത്ത് വക കടത്താണ് ഇപ്പോൾ ഇവിടെയുള്ളത്. മഴക്കാലമായാൽ കടത്ത് മുടങ്ങും. വാമനപുരം നദിയിലെ കുത്തൊഴുക്കിൽ വള്ളം തുഴയാൻ സാധിക്കാതെ വരുന്നതാണ് പലപ്പോഴും കടത്ത് മുടങ്ങാൻ കാരണം. ആ സമയത്ത് യാത്ര ചെയ്യുന്നവർ ജീവൻ പണയം വച്ചാണ് വള്ളത്തിൽ കയറാൻ. ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങൾ പഴക്കമുണ്ട്. ഈ വിഷയം ഉന്നയിച്ച് കേരളകൗമുദി പല പ്രാവശ്യം വാർത്ത നൽകിയിരുന്നു. വി.ശശി എം.എൽ.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചിച്ച് സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ അടക്കമുള്ളവ സുഗമമാക്കുന്നതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്: വാമനപുരം നദിയിലെ അയന്തിക്കടവ്
ഫോട്ടോ അടിക്കുറിപ്പ്: വി.ശശി എം.എൽ.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ചപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |