
കോഴിക്കോട്: നിയമം കാറ്റിൽ പറത്തി ബസുകളുടെ മത്സരയോട്ടം വീണ്ടും. ബസുകൾ ബോധപൂർവം ഇടിക്കുന്ന തരത്തിൽ നടുറോഡിലെ അഭ്യാസങ്ങൾ പതിവ് കാഴ്ചയായിട്ടും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കാര്യക്ഷമമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാനാഞ്ചിറയിൽ ട്രാഫിക് പൊലീസ് നോക്കി നിൽക്കെയാണ് മുൻ വൈരാഗ്യത്തിൽ യാത്രക്കാരുള്ള ബസ് മറ്റൊരു ബസിൽ ഇടിച്ചു കയറ്രിയത്. സംഭവ സമയത്ത് ട്രാഫിക് പൊലീസ് സമീപത്ത് ഉണ്ടായിരുന്നെങ്കിലും നടപടി എടുക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ബസ് ഉടമ നൽകിയ പരാതിയിലാണ് പിന്നീട് പൊലീസ് കേസെടുത്തത്.
സമയക്രമത്തെ ചൊല്ലിയുള്ള മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും കെെയാങ്കളിയും റോഡിലെ സ്ഥിരം കാഴ്ചകളാണ്. പുതുവത്സരം അടുത്തതോട നിരവധി പേരാണ് നഗരത്തിലേക്ക് വാഹനവുമായെത്തുന്നത്. തിരക്കിൽ വാഹനങ്ങളുടെ മത്സരയോട്ടം കൂടിയാകുമ്പോൾ അപകടസാദ്ധ്യത കൂടും. ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ബസുമായും മത്സരമുണ്ട്. മറ്റു വാഹനങ്ങളെ തഴഞ്ഞ് ഹോൺ മുഴക്കിയും സൈഡ് നൽകാതെയും അപകടകരമായ രീതിയിലാണ് സർവീസ് നടത്തുന്നത്. സിറ്റി ബസുകളും ദീർഘ ദൂര ബസുകളും ഒരു പോലെ മത്സരയോട്ടത്തിൽ മത്സരിക്കുന്ന കാഴ്ചയാണ്. അപകടവളവുകളിൽ പോലും ഡ്രെെവർമാർ ശ്രദ്ധ പുലർത്താറില്ല. അതിവേഗം നിയന്ത്രിക്കുന്നതിനായി സ്ഥാപിക്കുന്ന വേഗപ്പൂട്ട് പോലും അഴിച്ച് വെച്ചാണ് യാത്ര.
അപകടം കൂടുന്നു
ബോധവത്ക്കരണവും പരിശോധനകളും നിരന്തരം നടക്കുമ്പോഴും സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ നിരത്തിൽ പൊലിയുന്നവരുടെ എണ്ണവും കൂടുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 279 ചെറുതും വലുതുമായ ബസ് അപകടങ്ങളാണ് സിറ്റിയിൽ മാത്രം ട്രാഫിക് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. 27 ജീവനുകൾ പൊലിഞ്ഞു. 167 പേർക്ക് വലിയ രീതിയിലുള്ള പരിക്കും 104 പേർക്ക് ചെറിയ തരത്തിലുള്ള പരിക്കും ഉണ്ടായി. അഞ്ച് കാൽനടയാത്രക്കാർ മരിച്ചു. 27 കാൽനടയാത്രക്കാർക്ക് പരിക്കേറ്റു.
പരിശോധന വഴിപാട്
മിക്കപ്പോഴും ഗുരുതര അപകടങ്ങളെ തുടർന്ന് ജനരോഷം ശക്തമാകുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങുന്നത്. പ്രതിഷേധം തണുക്കുമ്പോൾ പരിശോധനയും തണുക്കും. മിക്ക റൂട്ടുകളിലും രണ്ടോ മൂന്നോ മിനിറ്റായിരിക്കും ബസുകൾ തമ്മിലുള്ള സമയ വ്യത്യാസം. ഇതുമൂലം കൂടുതൽ യാത്രക്കാരെ പിടിച്ച് വരുമാനം വർധിപ്പിക്കാനാണ് മത്സരിച്ചും അമിത വേഗത്തിലുമുള്ള ഓട്ടം.
അപകടങ്ങൾ
ബസ് അപകടങ്ങൾ- 279
മരണം- 27
പരിക്ക്-271
സിറ്റി ബസ് തട്ടി മരിച്ച കാൽനടയാത്രക്കാർ- 5
''അപകടങ്ങൾ നടന്ന് കഴിഞ്ഞാൽ മാത്രം ഉദ്യോഗസ്ഥർ പരിശോധനയുമായി എത്തും. അത് കഴിഞ്ഞ് പരാതിപ്പെട്ടാലും പരിശോധന ഉണ്ടാകാറില്ല''- ശ്രീധരൻ- ബസ് യാത്രക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |