
നെയ്യാറ്റിൻകര: കൗതുകവും കഷ്ടപ്പാടും നൽകി വാനരസംഘം വിനയാകുന്നു. നെയ്യാറ്റിൻകരയ്ക്ക് സമീപം മണലിവിളയിലാണ് വാനരന്മാർ കുടുംബസമേതം ശല്യക്കാരായി മാറിയിരിക്കുന്നത്. നെടുമങ്ങാട് ബോണക്കാട് പ്രദേശത്തു നിന്നും വർഷങ്ങൾക്ക് മുമ്പ് ലോറിയിൽ കയറി വഴി തെറ്റിയെത്തിയ വാനരന്മാരാണ് ഇപ്പോൾ പെറ്റുപെരുകി സംഘമായി മാറിയത്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന ഇവർ വീടുകളിൽ കയറി മോഷണം നടത്തുന്നത് നിത്യസംഭവമാണ്. വാനരപ്രേമം കാരണം എന്തെങ്കിലും ഭക്ഷിക്കാൻ നൽകിയാൽപ്പിന്നെ ഇവ വീടുകളിൽ കൂട്ടമായി കൂടും. രാവിലെ ഉണ്ടാക്കുന്ന ദോശയും പുട്ടുമെല്ലാം അടുക്കളയോരത്ത് പതിയിരിക്കുന്ന വാനരന്മാർ കണ്ണുതെറ്റിയാൽ കവരും.
നാളികേരത്തിന് പൊന്നും വിലയുള്ള ഇക്കാലത്ത് ഇവർക്ക് ഏറെ പ്രിയം ഇളനീരും ഇളം കരിക്കുമാണ്. തേങ്ങയും കരിക്കും രാത്രി കാലങ്ങളിലാണ് മിക്കപ്പോഴും മോഷ്ടിക്കുന്നത്. അലക്കിയിട്ടിരിക്കുന്ന തുണികളും ഇവർ മോഷ്ടിക്കും. മോഷ്ടിച്ച തുണിത്തരങ്ങൾ മറ്റുള്ള വീടുകൾക്ക് മുമ്പിൽ കൊണ്ടിട്ട് വീട്ടുകാർ തമ്മിൽ കലഹം ഉണ്ടാക്കുന്നതും പതിവാണെന്ന് സ്ഥലവാസികൾ പറയുന്നു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടികളെ പേടിപ്പിക്കുക, അവരുടെ കൈവശമുള്ള സാധനങ്ങൾ തട്ടിപ്പറിച്ച് ഓടുക തുടങ്ങിയവ വാനരവിനോദങ്ങളാണ്. വാനരപ്പടയെ പിടികൂടി വനത്തിനുള്ളിൽ കൊണ്ടുവിടാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |