
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി കുടിവെള്ളത്തിനായി രോഗികളും കൂട്ടിരിപ്പുകാരും നെട്ടോട്ടം ഓടേണ്ട. ആർ.ഒ.പ്ലാന്റ് സ്ഥാപിച്ച് വിവിധ വാർഡുകളിൽ ശുദ്ധജലം ലഭ്യമാക്കിത്തുടങ്ങി. എച്ച് .സലാം എം.എൽ.എയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ശുദ്ധീകരിച്ച കുടിവെള്ളം മുഴുവൻ സമയവും ലഭ്യമാക്കുന്നതിന് ആശുപത്രിയിലെ ഒ ആന്റ് ജി ബ്ലോക്ക്, എം.ഡി.ഐ.സി.യു, ദന്തൽ ഒ.പി, കുട്ടികളുടെ വാർഡ് എന്നിങ്ങനെ അവശ്യം വേണ്ട നാലിടങ്ങളിലാണ് ഇപ്പോൾ ടാങ്ക് സ്ഥാപിച്ചത്.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് ഏറെ ആശ്വാസമാകും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ടി .ഷാജിമോൻ, ആശുപത്രി സൂപ്രണ്ട് ഡോ. എ.ഹരികുമാർ, നഴ്സിംഗ് സൂപ്രണ്ട് ജി. ജലജ, പി.ആർ.ഒ നെഫീന എന്നിവർ സംസാരിച്ചു.
മൂന്ന് യൂണിറ്റുകൾ കൂടി സ്ഥാപിക്കും
മെഡിക്കൽ കോളജ് ആശുപത്രി ആലപ്പുഴയിൽ നിന്ന് വണ്ടാനത്തേക്ക് മാറ്റിയെങ്കിലും വാർഡുകളിലുള്ളവർക്ക് കുടിവെള്ളത്തിനുള്ള സംവിധാനം പരിമിതമായിരുന്നു. കുപ്പിവെള്ളത്തെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്. ആർ. ഒ പ്ലാന്റ് പ്രവർത്തന സജ്ജമായതോടെ കുടിവെള്ള പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ജെ. ബ്ലോക്കിലെ സ്‌കാനിംഗ് സെന്ററിന് സമീപം, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകൾ കൂടി സ്ഥാപിക്കും.
അടുത്തുതന്നെ ആശുപത്രിയിലെ മറ്റിടങ്ങളിലും കുടിവെള്ളം സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും
- എച്ച്. സലാം എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |