SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

തൃക്കൈക്കുട നെയ്തിൽ മാധവിക്ക് അംഗീകാരം

Increase Font Size Decrease Font Size Print Page
daily

മയ്യിൽ:കേരള ഫോക് ലോർ അക്കാഡമിയുടെ 2023ലെ അവാർഡ് നേടിയ കയരളം ഒറപ്പടിയിലെ കെ.കെ.മാധവിക്ക് ഓലക്കുട നെയ്ത്ത് ജന്മദൗത്യം പോലെയാണ്. ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഓലകൾ കൊണ്ടുള്ള തൃക്കൈകുടയുടെ നിർമ്മാണത്തിൽ 58 വർഷം പിന്നിട്ടപ്പോഴാണ് ഫോക്‌ലോറിന്റെ അംഗീകാരം എത്തിയത്.

രംഗത്ത് കയരളം ഒറപ്പടി സ്കൂളിന് സമീപത്ത് താമസിക്കുന്ന മാധവി അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുടകൾ നിർമ്മിക്കുന്നത് കണ്ടാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്.ഒറപ്പടി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയം ആണ് ഓലക്കുട നിർമ്മാണ രഹസ്യം പഠിച്ചു തുടങ്ങിയത്. അറുപത്തിയെട്ടാം വയസിലും പാരമ്പര്യമായി ലഭിച്ച സപര്യ തുടരുന്നു. പഴയകാലത്ത് സമ്പന്ന തറവാട്ടുവീടുകളിൽ ഉള്ളവർക്ക് ഓലക്കുടയും കന്നുകാലി പൂട്ടുന്നവർക്ക് തലക്കുടയും കർഷക തൊഴിലാളികൾക്ക് നാട്ടിക്കുടകളും ഇതെ രീതിയിൽ നിർമ്മിക്കുമായിരുന്നു. ശീലകുടകളുടെ വരവോടെ ഇവയെല്ലാം നിലച്ചു. ഇന്ന് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമാണ് ഓലക്കുട ഉപയോഗിച്ചു വരുന്നത്. ഓട, മുള, പനയോല തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഈ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാധവി പറയുന്നു.

പുതിയ തലമുറയിൽ പെട്ടവരെ ഈ രംഗത്തേക്ക് സ്വാഗതം ചെയ്യുകയാണ് മാധവി. കേരള ഗണക കണിശ സഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമ്മാണ പരിശീലനക്കളരിയിൽ നിരവധി പേർക്ക് പാരമ്പര്യ കല പകർന്നുനൽകാനും മാധവിക്ക് സാധിച്ചു. തൃശൂരിൽ 2019ൽ നാട്ടുകലാകാരക്കൂട്ടം "നാട്ടുപച്ച" അവാർഡ് നൽകി ഇവരെ ആദരിച്ചിട്ടുണ്ട്. ഫോക് ലോർ ദിനാചരണത്തിന്റെ ഭാഗമായി മലയാളത്തിലെ സഞ്ചരിക്കുന്ന തിയറ്റർ ഗ്രൂപ്പായ മയ്യിൽ അഥീന നാടക- നാട്ടറിവ് വീടും കെ.കെ.മാധവിയെ ആദരിച്ചിട്ടുണ്ട്. പരേതനായ സി രാഘവനാണ് ഭർത്താവ്. കെ.കെ.സജേഷ്, കെ.കെ.നിമിഷ എന്നിവരാണ് മക്കൾ.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY