
തൃശൂർ: കോർപറേഷനിൽ പുതിയ ഭരണസമിതിയെത്തുമ്പോൾ ചെയ്യാനുണ്ട് ഒട്ടേറെ കാര്യങ്ങൾ. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും നഗരത്തിലേക്കുള്ള പ്രധാന കവാടമായ കുറുപ്പം റോഡിന്റെ നിർമ്മാണം കഴിഞ്ഞ പൂരത്തിന് മുൻപേ പൂർത്തിയാക്കിയെങ്കിലും നടപ്പാതയും കാനയും നിർമ്മിച്ചിരുന്നില്ല. 2026ലെ പൂരത്തിന് മുൻപെങ്കിലും ഇത് ഒരുങ്ങുമോയെന്നാണ് നഗരവാസികളും വ്യാപാരികളും ഉറ്റുനോക്കുന്നത്. മണികണ്ഠനാൽ മുതൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരമാണ് കാൽനടയാത്രക്കാരുടെയും പ്രദേശവാസികളായ വ്യാപാരികളുടെയും ദുരിതക്കളം. കാനയും നടപ്പാതയും ചേർന്ന് രണ്ടരക്കോടി രൂപയ്ക്ക് ടെൻഡർ ക്ഷണിച്ചെങ്കിലും എം.കെ.വർഗീസ് മേയറായ ഭരണസമിതിക്ക് ടെൻഡർ നൽകി പൂർത്തിയാക്കാനായില്ല.
പുതിയ മേയറും ഡെപ്യൂട്ടി മേയറും ഭരണസമിതിയും ചുമതലയേറ്റ ശേഷം റീ ടെൻഡർ നൽകി വേണം ഇത് പൂർത്തിയാക്കാൻ. ഇതിന് ഫെബ്രുവരി മാർച്ച് മാസമെങ്കിലുമാകും. മെട്രോ ആശുപത്രി മുതൽ ചെട്ടിയങ്ങാടി വരെയുള്ള റോഡ് കഴിഞ്ഞ വർഷം മാർച്ച് മൂന്നിനും കുറുപ്പം റോഡ് ആഗസ്റ്റ് 16നുമായിരുന്നു തുറന്നുകൊടുത്തത്.
ബുദ്ധിമുട്ടേറെ...
കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനുള്ള നടവഴിയും കാനകളും ഒരുക്കാത്തതിനാൽ കുറുപ്പം റോഡിലെ ബുദ്ധിമുട്ട് ചെറുതല്ല. മഴയിൽ കടയ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചെത്തുന്നതിനാൽ വ്യാപാരികളാണ് ബുദ്ധിമുട്ട് നേരിടുന്നത്. കാനയും നടപ്പാതയും പണിത ശേഷമേ കടയ്ക്കുള്ളിൽ വെള്ളം കയറാത്തവിധം നിലം ഉയർത്തി പണിയാനാകൂ.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. നടപ്പാതയില്ലാത്തതിനാൽ റോഡിന് മുകളിൽ കൂടെ നടക്കുന്നത് അപകടഭീതി ഉയർത്തുന്നു. രണ്ട് വാഹനങ്ങൾ ഇരുദിശകളിൽ നിന്നും എത്തിയാൽ കാൽനടയാത്രക്കാർ പ്രതിസന്ധിയിലാകും.
സാധാരണ നിരപ്പിൽ നിന്നും രണ്ടടിയോളം ഉയരത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |