
പത്തനാപുരം: മക്കളുടെ പേര് ഉറക്കെ വിളിച്ചുള്ള ആ കടന്നുവരവ് ഇനി ഉണ്ടാവില്ല. ഒടുവിലത്തെ യാത്രയ്ക്കായി ഉയിരറ്റ് ലിനു ഉറ്റവർക്കരിലേക്ക് ഇന്നലെ മടങ്ങിയെത്തി. വൈകിട്ട് 6.30 ഓടെയാണ് പത്തനാപുരം പുന്നല ചാച്ചിപ്പുന്ന ഇഞ്ചൂരിലെ വീട്ടിലേക്ക് (ലിനേഷ് ഭവൻ) ലിനുവിന്റെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്.
പ്രിയപ്പെട്ടവന്റെ വിയോഗവാർത്തയറിഞ്ഞ് നാട് ഒന്നടങ്കം അവിടേക്ക് ഒഴുകിയിരുന്നു. കളിപ്പാട്ടവും മിഠായിയും ഉൾപ്പടെ കൈനിറയെ ക്രിസ്മസ് സമ്മാനവുമായി പടികടന്നെത്തുന്ന അച്ഛനെ കാത്തിരിക്കുകയായിരുന്നു കുഞ്ഞ് എയ്ഞ്ചലും ആൻഡ്രിയയും. വെള്ളപുതച്ചെത്തിയ അച്ഛനെ കണ്ട് അവർ പൊട്ടിക്കരഞ്ഞു. ഭാര്യ ജിജിയും ലിനുവിന്റെ മാതാപിതാക്കളായ ഡെന്നീസും മണിയും കരഞ്ഞ് തളർന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് ലിനുവിന് ഗുരുതരമായി പരിക്കേറ്റത്. ലിനുവിന്റെ മൂക്കും പല്ലും തകർന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു.അപകടവിവരം അറിഞ്ഞ് കുടുംബം ആകെ തളർന്നുപോയിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ നേരത്താണ്, പ്രതീക്ഷയായി ഡോ. തോമസ് പീറ്ററും ഭാര്യ ഡോ. ദിദിയയും ഡോ. മനൂപും എത്തുന്നത്. അവരിലൂടെ ലിനു ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു നാടും വീടും. പ്രാർത്ഥനകളുടെ മണിക്കൂറുകളായിരുന്നു പിന്നീട്. എന്നാൽ കഴിഞ്ഞ 23ന് പ്രതീക്ഷകൾക്ക് വിരാമമിട്ട് ലിനു മരണത്തിന് കീഴടങ്ങി.
യാത്രകളെ ഇഷ്ടപ്പെട്ട്
ഇരുചക്ര വാഹനങ്ങളിലെ യാത്ര ഏറെ ആസ്വദിച്ചിരുന്ന ആളായിരുന്നു ലിനു. ബംഗളൂരുവിലായിരുന്ന ലിനു നാലര മാസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു ചേർന്നത്. ബംഗളൂരുവിലായിരുന്നപ്പോൾ വീട്ടിലേക്ക് തന്റെ ബൈക്കിലാണ് വന്നുകൊണ്ടിരുന്നത്. പിന്നീട് ബൈക്ക് കേടുവന്നതോടെ സ്കൂട്ടറിലേക്ക് മാറി. പൊതുവെ ശാന്ത സ്വഭാവക്കാരനായ ലിനു എല്ലാവരോടും നല്ല സ്നേഹത്തിലായിരുന്നു. നാട്ടിലും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാറുള്ള ലിനു പള്ളിക്കാര്യങ്ങളിലും സജീവമായിരുന്നു. ലിനീഷ്, ഷിജു എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ഇന്ന് രാവിലെ 11ന് പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |