
കൊച്ചി: തൃപ്പൂണിത്തുറയിലെ ഡയറിയിൽ നടന്ന പാൽ കടത്തിൽ അഞ്ച് ജീവനക്കാരെ മിൽമ സസ്‌പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ചുപേരും സ്ഥിരം ജീവനക്കാരാണ്. നടപടി നേരിട്ടവർ ആരെല്ലാമാണെന്ന വിവരം മിൽമ പുറത്തുവിട്ടിട്ടില്ല. ഇവർക്ക് പാൽ കടത്തുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും മിൽമ ഉന്നതവൃത്തങ്ങൾ അറിയിച്ചു. നവംബർ 30, ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടന്ന പാൽക്കടത്ത് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.
മൂന്ന് ദിവസങ്ങളിലായി 82,000 രൂപ വിലവരുന്ന 84 ട്രേ പാലാണ് ഡയറിയിൽ നിന്ന് കടത്തിയത്. അതേസമയം, ആഭ്യന്തര അന്വേഷണത്തിൽ കൂടുതൽ പാൽ കടത്ത് കണ്ടെത്തിയെന്നാണ് വിവരം. 20 ദിവസത്തെ സി.സി ടിവി ക്യാമറ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായപ്പോഴാണ് കടത്തിന്റെ വ്യാപ്തി 84 ട്രേയിൽ നിൽക്കില്ലെന്ന് ഉറപ്പായത്. മിൽമയ്ക്കുണ്ടായ നഷ്ടം ലക്ഷങ്ങൾ കടന്നേക്കും. ബാക്ക്അപ്പ് ഇല്ലാത്തതിനാൽ കൂടുതൽ ദിവസത്തെ ദൃശ്യങ്ങൾ ലഭിക്കുന്നതിൽ തടസമുണ്ട്. സംഭവത്തിൽ മിൽമയുടെ പരാതിയിൽ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക വിവരശേഖരണം തുടങ്ങി.
ഡയറിയിലെ ജീവനക്കാരൻ, ഒരു താത്കാലിക ജീവനക്കാരൻ, സെക്യൂരിറ്റി എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് ഹിൽപാലസ് പൊലീസ് കേസെടുത്തത്. ഇതിൽ നാല് മുതൽ ഒമ്പത് വരെയുള്ള പ്രതികൾ പാൽവണ്ടികളിലെ കരാർ ജീവനക്കാരാണ്. പ്രതികളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്. തിരിച്ചുകൊണ്ടുവരുന്ന ട്രേകളുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പാൽക്കടത്ത് തിരിച്ചറിഞ്ഞത്. തുടർന്ന് ഡയറിയിലെ ഉന്നത ഉദ്യോഗസ്ഥൻ തെളിവുസഹിതം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ജില്ലയിലെ ക്ഷീരസംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാൽ തൃപ്പൂണിത്തുറയിലെ ഡയറിയിലെത്തിച്ച് പാസ്റ്ററൈസേഷൻ പൂർത്തിയാക്കിയാണ് വിതരണം ചെയ്യുന്നത്. ഇവിടുത്തെ ശീതീകരണ യൂണിറ്റിൽ നിന്നെടുക്കുന്ന പാൽ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് വാഹനങ്ങളിൽ കയറ്റിവിടുന്നത്. ജീവനക്കാരുടെയും കരാറുകാരന്റെയും ഒത്താശയോടെ പാൽ കടത്തിയെന്നാണ് എഫ്.ഐ.ആർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |