ആലുവ: കാലപ്പഴക്കത്തിൽ തടയണ തകർന്നതിനെ തുടർന്ന് പത്തര ഏക്കറോളം വരുന്ന പ്രകൃതിദത്ത തടാകമായ ചാലക്കൽ തുമ്പിച്ചാൽ വറ്റി ചെളിമയമായി. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കൂടുതൽ വരളാനാണ് സാദ്ധ്യത.
ഇന്നലെ രാവിലെയാണ് തടാകത്തോട് ചേർന്നുള്ള റോഡിന് കുറുകെ പോകുന്ന തോടിന്റെ ഭാഗത്തെ തടയണ തകർന്നത്. തുമ്പിച്ചാലിന് ചുറ്റുമായി 11 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് തടയണ തകർന്നത്.
കാലവർഷം ശക്തമാകുമ്പോൾ തടയണ തുറന്ന് അധിക വെള്ളം പെരിയാറിലേക്ക് വിടും. തടയണ കർഷകർക്കും പരിസരവാസികൾക്കും വളരെ ഉപകാരമാണ്. തടയണ നശിച്ച അവസ്ഥയിലായിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വേനൽ കടുക്കുകയും പെരിയാർവാലി കനാലിൽ വെള്ളമില്ലാതാകുകയും ചെയ്തതോടെ തുമ്പിച്ചാൽ ഇനി കൂടുതൽ വരണ്ടുണങ്ങിയേക്കും.
നിരവധി താമരകളും ആമ്പലുകളും പൂവിട്ട് തുടങ്ങുന്ന സമയമാണിത്. നിരവധി താമരകൾ വിടർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഇവയെല്ലാം വെള്ളം വറ്റിയപ്പോൾ നശിച്ച സ്ഥിതിയിലായി.
മത്സ്യങ്ങളെ പിടിക്കാനും തിരക്ക്
തുമ്പിച്ചാലിലെ വെള്ളം വറ്റിയതോടെ മത്സ്യങ്ങളെ പിടിക്കാനും തിരക്കാണ്. ചെളി പുതഞ്ഞ മത്സ്യങ്ങളെ പിടിക്കാനായി നിരവധി പേരാണ് എത്തുന്നത്. രണ്ട് കിലോ തൂക്കം വരുന്ന ഫിലോപ്പി, കാരി, ബ്രാൽ തുടങ്ങിയ നിരവധി മത്സ്യങ്ങൾ ലഭിച്ചു.
പുതിയ തടയണ അടിയന്തരമായി നിർമ്മിക്കണമെന്ന് കീഴ്മാട് പഞ്ചായത്ത് അധികൃതരോടും ജില്ലാ ഭരണകൂടത്തോടും നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.
തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരങ്ങളിൽ നിരവധി കർഷകർ കൃഷിയിറക്കിയിട്ടുണ്ട്. തുമ്പിച്ചാലിലെ വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇവിടെ വെള്ളം ഇല്ലാതായതോടെ കർഷകർ ആശങ്കയിലാണ്. കതിരിട്ട നെൽച്ചെടികളെല്ലാം കരിയുന്ന നിലയിലാണ്. തുമ്പിച്ചാൽ പാടശേഖരത്തിലെ നെൽക്കൃഷി സംരക്ഷിക്കുന്നതിന് അടിയന്തരമായി തടയണ പുനർനിർമ്മിക്കണം
അബൂബക്കർ (പ്രസിഡന്റ്),
ശ്രീജേഷ് (സെക്രട്ടറി)
വട്ടച്ചാൽ പാടശേഖരസമിതി
കുടിവെള്ള ക്ഷാമത്തിനും സാദ്ധ്യത
തുമ്പിച്ചാൽ വറ്റിയതോടെ പരിസരത്തെ കിണറുകളിൽ ഉറവയും നിലച്ചേയ്ക്കും. ഇത് കുടിവെള്ള ക്ഷാമത്തിന് കാരണമാകും. കുടിവെള്ളത്തിനായി കിണർ വെള്ളത്തെ ആശ്രയിക്കുന്നവരായിരിക്കും ഏറെ ബുദ്ധിമുട്ടുക. വേനൽ ശക്തമാകുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |