
വർക്കല: കേന്ദ്രാവിഷ്കൃത പദ്ധതിയായ വർക്കല-ദക്ഷിണകാശി ഇൻ കേരളയുടെ നിർമ്മാണപ്രവർത്തനങ്ങൾ താത്കാലികമായി നിലച്ച മട്ടിൽ. നടപടിക്രമങ്ങളിലെ ഏകോപനമില്ലായ്മയും അനാസ്ഥയും മൂലമാണ് നിർമ്മാണം നിലയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വദേശി ദർശൻ 2.0യിൽ ഉൾപ്പെടുത്തി 25 കോടിയുടെ പദ്ധതിയാണ് കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുള്ളത്. 2026 മാർച്ചിൽ പദ്ധതി പൂർത്തിയാക്കണമെന്ന നിബന്ധനയോടെ പദ്ധതി നടത്തിപ്പിനായി 19 കോടി രൂപ ആദ്യ ഗഡുവായി അനുവദിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെയാണ് പദ്ധതിക്ക് കേന്ദ്രം അനുമതിയും ഫണ്ടും ലഭ്യമാക്കിയത്. എന്നാൽ സെപ്തംബർ 25 നും ഡിസംബർ 2 നും വർക്കല നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പദ്ധതിയുടെ പണികൾ നിറുത്തിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനം, കേരള തീരദേശമേഖല മാനേജ്‌മെന്റ് അതോറിട്ടി (കെ.സി.ഇസെഡ്.എം.എ), കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി (കെ.എസ്.ഡി.എം.എ), ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ജി.എസ്.ഐ) എന്നിവയിൽ നിന്നുള്ള അംഗീകാരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നടപടി.
അധികാരികളുടെ ഇച്ഛാശക്തി ഇല്ലായ്മ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമായി സംശയിക്കുന്നതായും കേന്ദ്രപദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ താല്പര്യം കാണിക്കാത്തതും പദ്ധതി തടസപ്പെടാൻ കാരണമാകുന്നതായി കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ പറയുന്നു.
സ്വദേശി ദർശൻ
സാംസ്കാരികം,ആത്മീയം,പരിസ്ഥിതി ടൂറിസം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ തീമാറ്റിക് ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു ദേശീയ പദ്ധതിയാണിത്. സമഗ്രവും സുസ്ഥിരവുമായ ടൂറിസം,പ്രാദേശിക സംസ്കാരം പ്രോത്സാഹിപ്പിക്കൽ,അടിസ്ഥാന സൗകര്യങ്ങൾ, സേവനം,മനുഷ്യ മൂലധനം,മാനേജ്മെന്റ് എന്നിവയിലൂടെ സ്വാശ്രയത്വം കൈവരിക്കൽ എന്നിവയ്ക്ക് പദ്ധതി ഊന്നൽ നൽകുന്നു. 2023ൽ സ്വദേശ് ദർശൻ പദ്ധതി നവീകരിച്ചു.
സ്വപ്ന പദ്ധതി
ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രപരിസരം ആധുനിക സൗകര്യങ്ങളോടെ പുനർവികസിപ്പിക്കുക, ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ വികസിപ്പിച്ച് തീർത്ഥാടന പാതകളാക്കി മാറ്റുക, മതിയായ പാർക്കിംഗ് സൗകര്യങ്ങൾ, ആധുനിക ടോയ്‌ലെറ്റ്, കുടിവെള്ള യൂണിറ്റുകൾ, ക്ലോക് റൂമുകൾ
പ്രതികരണം
പദ്ധതി നടപ്പിലാക്കാൻ വേണ്ട ആർജ്ജവം വർക്കല നഗരസഭയിൽ നിന്നും ഉണ്ടാകുന്നില്ല. അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആണെന്ന് സംശയിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ശക്തമായ സമരപരിപാടികളുമായി ബി.ജെ.പി മുന്നോട്ടുപോകും.
ബി.ജെ.പി വർക്കല മണ്ഡലം പ്രസിഡന്റ്, ജോബിൻ
നഗരസഭയുടെ അനുമതിയോടെ പൂർത്തിയാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനാൽ സ്റ്റോപ്പ് മെമ്മോ നൽകി നിറുത്തിവയ്പ്പിച്ചു. മുൻസിപ്പൽ ആക്ട് 408(2)പ്രകാരം സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിൽ നടപടി ആവശ്യപ്പെട്ട് ഇന്നലെ വർക്കല പൊലീസിന് കത്ത് നൽകിയെങ്കിലും കത്ത് സ്വീകരിച്ചിട്ടില്ല.
മിത്രൻ
വർക്കല നഗരസഭ സെക്രട്ടറി
ഫോട്ടോ: "വർക്കല-ദക്ഷിണ കാശി ഇൻ കേരള" - സ്വദേശി ദർശൻ 2.0 പദ്ധതിയിൽ ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തോട് ചേർന്ന് കഴിഞ്ഞദിവസം നടന്ന നിർമ്മാണ പ്രവർത്തനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |