
പാലാ : മൂന്ന് വർഷം മുൻപ് കപ്പിനും ചുണ്ടിനുമിടയിൽ തനിക്ക് നഷ്ടപ്പെട്ട ചെയർമാൻ സ്ഥാനം ഇന്നലെ മകൾ ദിയയിലൂടെ നിറവേറിയപ്പോൾ ഒരുവേള വികാരഭരിതനായി അഡ്വ. ബിനു പുളിക്കക്കണ്ടം. കാലത്തിന്റെ കാവ്യനീതിയാണിത്. എന്നോടുകാണിച്ച അനീതിക്ക് പലർക്കുമുള്ള മറുപടിയും. അവരിത് കാണട്ടെ ബിനു പറഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ ഈറ്റില്ലമായ പാലായിലേറ്റ തിരിച്ചടി ജോസ് കെ. മാണിയ്ക്കും ക്ഷീണമായി. 2020 ൽ കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയതോടെയാണ് എൽ.ഡി.എഫ് ചരിത്രത്തിലാദ്യമായി പാലാ നഗരസഭയിൽ ഭരണത്തിലേറിയത്.
യു.ഡി.എഫിന് ഇത്തവണ ഭരണം ഉറപ്പിക്കുന്നതിന് പുളിക്കക്കണ്ടം കുടുംബത്തിൽനിന്ന് വിജയിച്ച മൂന്നുപേരുടെയും പിന്തുണ ആവശ്യമായിരുന്നു. ഏറെദിവസത്തെ ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ചയാണ് ബിനു യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യടേമിൽ ദിയ പുളിക്കക്കണ്ടത്തെ നഗരസഭാദ്ധ്യക്ഷയാക്കുകയെന്ന ധാരണയോടെയായിരുന്നു പിന്തുണ.
തിരഞ്ഞെടുപ്പിൽ ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്. ബിനു രണ്ടുതവണ പ്രതിനിധീകരിച്ച 15ാം വാർഡിൽനിന്നാണ് ദിയ ജയിച്ചുകയറിയത്.
ഇവർ മത്സരിച്ച വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നില്ല. യു.ഡി.എഫിന് 10 സീറ്റുകളാണ് ലഭിച്ചത്. എൽ.ഡി.എഫിന് 12 സീറ്റും. ഇതോടെയാണ് സ്വതന്ത്രരുടെ പിന്തുണ നിർണണായകമായത്. കോൺഗ്രസ് വിമത മായ രാഹുലിനെയും ഒപ്പം കൂട്ടാൻ യു.ഡി.എഫിനായി.
ബിനു പുളിക്കക്കണ്ടവും പാലായും
ബിനു പുളിക്കക്കണ്ടം കോൺഗ്രസ് നേതാവായാണ് ആദ്യം നഗരസഭാംഗമായത്
പിന്നീട് സ്വതന്ത്രനായി വിജയിച്ചു, 2015ൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു
അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സഹോദരൻ ബിജു
2020 ൽ സി.പി.എം പ്രതിനിധിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു
ജോസിനെ പരസ്യമായി വിമർശിച്ചതോടെ ചെയർമാൻ സ്ഥാനം ലഭിച്ചില്ല
ഇതോടെ ജോസ് കെ. മാണിക്കെതിരെ ബിനു ശക്തമായി രംഗത്തെത്തി
വിവാദങ്ങൾ തുടർക്കഥയായതോടെ സി.പി.എം ബിനുവിനെ പുറത്താക്കി
ഇതോടെയാണ് 2025ൽ സ്വതന്ത്രനായി ത്സരരംഗത്തിറങ്ങിയത്
ഒപ്പം സഹോദരനെയും മകളെയും സ്വതന്ത്രരായി മത്സരിപ്പിച്ചു
ചരിത്ര നിയോഗത്തിന് സാക്ഷ്യം വഹിക്കാൻ യു.ഡി.എഫ് നേതാക്കൾ
നാല് പതിറ്റാണ്ടിന് ശേഷം പാലാ നഗരഭരണം ദിയ ബിനുവിലൂടെ തിരികെ പിടിച്ചതിന് സാക്ഷ്യം വഹിക്കാൻ യു.ഡി.എഫിലെ മുതിർന്ന നേതാക്കളുമെത്തി. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ മാണി സി.കാപ്പൻ, മോൻസ് ജോസഫ്, മുൻ നഗരസഭാ ചെയർമാൻ കുര്യാക്കോസ് പടവൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എന്നിവർ ഫോണിൽ വിളിച്ച് ദിയയെ അഭിനന്ദിച്ചു.
പുളിക്കക്കണ്ടത്തിലെ ''പൊന്നു'' ഇനി പാലായുടെ പൊന്ന്
പുളിക്കക്കണ്ടത്തിലെ ''പൊന്നു'' ഇനി പാലായുടെ പൊന്ന്. പാലാ നഗരസഭയുടെ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ദിയ ബിനു വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും ''പൊന്നു'' ആണ്. ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പക്വതയോടെയായിരുന്നു ദിയയുടെ ഓരോ മറുപടിയും. പാലായെ കേരളത്തിലെ നമ്പർ വൺ നഗരസഭയാക്കി മാറ്റാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന ദിയയുടെ വാക്കുകളോട് പ്രതിപക്ഷത്തെ ബെറ്റി ഷാജു, ഷാജു തുരുത്തൻ, ബിജു പാലുപടവൻ, ബിജി ജോജോ എന്നിവരും പിന്തുണച്ചു. പോരായ്മകൾ ചൂണ്ടിക്കാട്ടും. ഒപ്പം ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |