കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിൽ ചെയർപേഴ്സൺമാർ ചുമതലയേറ്റു. സുൽത്താൻ ബത്തേരിയിൽ മുസ്ലിംലീഗിലെ റസീന അബ്ദുൾ ഖാദറും (വനിതാ സംവരണം) മാനന്തവാടിയിൽ കോൺഗ്രസിലെ ജേക്കബ് സെബാസ്റ്റ്യനും കൽപ്പറ്റയിൽ സി.പി.എമ്മിലെ പി. വിശ്വനാഥനുമാണ് (പട്ടികവർഗ സംവരണം) ചെയർപേഴ്സൺമാരായി അധികാരമേറ്റത്. മൂന്ന് ഇടങ്ങളിലും ഇന്നലെ രാവിലെ പത്തരയോടെ വരണാധികാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്. പുതിയ ചെയർപേഴ്ൺമാരുടെ അദ്ധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന കൗൺസിൽ യോഗം ഉപാദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. കൽപ്പറ്റയിൽ സി.പി.ഐയിലെ എസ്. സൗമ്യയും മാനന്തവാടിയിൽ മുസ്ലിംലീഗിലെ സിന്ധു സെബാസ്റ്റ്യനും സുൽത്താൻ ബത്തേരിയിൽ കോൺഗ്രസിലെ എം.കെ. ഇന്ദ്രജിത്തും വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.
37 അംഗങ്ങളാണ് മാനന്തവാടി മുനിസിപ്പൽ കൗൺസിലിൽ. ഇതിൽ 21 പേർ യു.ഡി.എഫ് പ്രതിനിധികളാണ്. പയ്യമ്പള്ളി ഡിവിഷനിൽനിന്നുള്ള കൗൺസിലറാണ് ചെയർപേഴ്സൺ പദവിയിലെത്തിയ ജേക്കബ് സെബാസ്റ്റ്യൻ. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന് 22ഉം എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ പി.ടി. ബിജുവിന് 17 ഉം വോട്ട് ലഭിച്ചു.നഗരസഭ മുൻ വൈസ് ചെയർമാനാണ് ഇദ്ദേഹം.
നിരവധി ചർച്ചകൾക്കുശേഷമാണ് സുൽത്താൻ ബത്തേരി നഗരസഭയിൽ ആദ്യ ടേമിൽ ചെയർപേഴ്സൺ പദവി മുസ്ലിംലീഗിനു കോൺഗ്രസ് വിട്ടുകൊടുത്തത്. സി കുന്ന് ഡിവിഷനിൽനിന്നുള്ള കൗൺസിലറാണ് റസീന അബ്ദുൾ ഖാദർ. തിരഞ്ഞെടുപ്പിൽ റസീനയ്ക്ക് 21 ഉം എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ ലിഷ ടീച്ചർക്ക് 14 ഉം വോട്ട് ലഭിച്ചു. ബി.ജെ.പി അംഗം വിട്ടുനിന്നു. 12 വർഷമായി വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇവർ. 2003 മുതൽ 2012 വരെ ജില്ലാ പ്രസിഡന്റായിരുന്നു. 36 അംഗങ്ങളാണ് കൗൺസിലിൽ. ഇതിൽ 20 പേർ യു.ഡി.എഫ് പ്രതിനിധികളാണ്. പണിയ വിഭാഗത്തിൽ നിന്ന് രാജ്യത്ത് ആദ്യമായി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്ന വ്യക്തിയാണ് പി.വിശ്വനാഥൻ. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റാണ്. കൽപ്പറ്റ നഗരസഭാദ്ധ്യക്ഷൻ പി.വിശ്വനാഥൻ. എടഗുനി ഡിവിഷനിൽനിന്നുള്ള കൗൺസിലറാണ്. 30 അംഗങ്ങളുള്ള കൽപ്പറ്റ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിശ്വനാഥന് 17 ഉം യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ സരോജിനി ഓടമ്പത്തിന് 11 ഉം വോട്ട് ലഭിച്ചു. ഭരണസമിതിയിലെ രണ്ട് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |