കൊല്ലം: ജില്ലയിൽ 60 തദ്ദേശ വാർഡുകളിൽ വർഗീയ കക്ഷികളുമായി കോൺഗ്രസ് കൂട്ടുകച്ചവടം നടത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. കൊല്ലം കോർപ്പറേഷനിൽ 12 സീറ്റുകളിലാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടായത്. നേരത്തെ വിഷയം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും മേയർ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചതോടെ ആരോപണം തെളിയിക്കപ്പെട്ടു.
കോർപ്പറേഷനിലെ ചാത്തിനാംകുളം ഡിവിഷനിൽ യു.ഡി.എഫിന്റെ ഘടകകക്ഷിയായ ആർ.എസ്.പി സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവിടെയാണ് എസ്.ഡി.പി.ഐ വിജയിച്ചത്. സഖ്യകക്ഷികളെ തോൽപ്പിക്കുന്ന തരത്തിൽ വർഗീയ കക്ഷികളെ കൂട്ടുപിടിച്ചുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എ.കെ.ഹഫീസിനെ സന്ദർശിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പിന്തുണ അറിയിച്ചിരുന്നു. അതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതിനിധി മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തു. ഇക്കാര്യത്തിൽ ആർ.എസ്.പി നേതാക്കൾ നിലപാട് വ്യക്തമാക്കണം. ജില്ലയിൽ 60 സീറ്റുകളിൽ കോൺഗ്രസ്- ബി.ജെ.പിയുമായും എസ്.ഡി.പി.ഐയും ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്. അതുകൊണ്ടുതന്നെ കോൺഗ്രസ് ജയിച്ചിടത്ത് ബി.ജെ.പിക്കും ബി.ജെ.പി ജയിച്ചിടത്ത് കോൺഗ്രസിനും നൂറിൽ താഴെ വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂവെന്നും എസ്.ജയമോഹൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ തിരഞ്ഞടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രത്യേക ക്ഷണിതാവായ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ.ഗുരുദാസൻ പറഞ്ഞുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമർശമുണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടറി പറഞ്ഞുവെന്ന തരത്തിലും വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഏറ്റെടുക്കും
തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ല, എല്ലാവരും ഭരണപക്ഷമാണ്. അതുകൊണ്ടുതന്നെ ജനകീയാസൂത്രണ പ്രക്രിയയ്ക്ക് സഹായകരമാകുന്ന സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഏറ്റെടുക്കും. അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ലഭിക്കുന്നത്. അത് വേണ്ടെന്ന് വയ്ക്കില്ലെന്നും എസ്. ജയമോഹൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |