
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിന്റെ പി.എ. ജബ്ബാർ ഹാജിഇന്ന് രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. വൈസ് പ്രസിഡന്റായി അഡ്വ. എ.പി.സ്മിജി ഉച്ചയ്ക്ക് ശേഷം 2.30നും സത്യപ്രതിജ്ഞ ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമാണ് ജബ്ബാർ ഹാജി. അന്തരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ എ.പി. ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇരുവരെയും പ്രഖ്യാപിച്ചത്. 15 വർഷത്തിന് ശേഷമാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിലേക്ക് വരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വനിത വിഭാഗത്തിൽ ആണെങ്കിലും എസ്.സി അംഗമായ അഡ്വ. സ്മിജിയെ പരിഗണിക്കാനായിരുന്നു ലീഗിന്റെ തീരുമാനം. പരിചയ സമ്പന്നരായ വനിതാ നേതാക്കൾ ഉണ്ടായിരുന്നെങ്കിലും സാദിഖലി തങ്ങളുടെ പ്രത്യേക പരിഗണന പ്രകാരമാണ് തീരുമാനമെന്ന് ലീഗ് കേന്ദ്രങ്ങൾ പറഞ്ഞു. അഭിഭാഷകയായ സ്മിജി ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. താനാളൂർ ഡിവിഷനിൽ നിന്ന് 6,852 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്മിജി വിജയിച്ചത്. 12,791 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അരീക്കോട് ഡിവിഷനിൽ നിന്നാണ് ജബ്ബാർ ഹാജിയുടെ വിജയം. നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യപെട്ടിരുന്ന ജബ്ബാർ ഹാജിക്ക് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി ലീഗ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു.
വേങ്ങര ഡിവിഷനിൽ നിന്ന് വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രൻ പി.കെ.അസ്‌ലു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അസ്‌ലുവിന്റെ പേരും ഉയർന്നിരുന്നു. ആനക്കയം ഡിവിഷനിൽ നിന്നുള്ള ഷാഹിന നിയാസി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണാവും. പാർലമെന്ററി പാർട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാർലമെന്ററി പാർട്ടി സെക്രട്ടറിയായി കെ.ടി അഷ്റഫിനെയും തീരുമാനിച്ചു. യാസ്മിൻ അരിമ്പ്രയാണ് ഡെപ്യൂട്ടി ലീഡർ. ഷരീഫ് കൂറ്റൂരാണ് വിപ്പ്. ബഷീർ രണ്ടത്താണിയാണ് ട്രഷറർ. പ്രതിപക്ഷമില്ലാതെയാണ് ഇത്തവണത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളിൽ 33ലും യു.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു.
യു.ഡി.എഫിൽ അതൃപ്തി
ജില്ലാ പഞ്ചായത്തിൽ പത്ത് അംഗങ്ങളുണ്ടായിട്ടും ഭരണസമിതിയിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന വികാരമാണ് കോൺഗ്രസിന്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ ലീഗ് ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്ന ആക്ഷേപം കോൺഗ്രസിനുണ്ട്. ജില്ലാ പഞ്ചായത്തിൽ മുസ്‌ലിം ലീഗിന് 23ഉം കോൺഗ്രസിന് പത്തും അംഗങ്ങളുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസിന് ഇത്രയും അംഗങ്ങൾ ജില്ലാ പഞ്ചായത്തിൽ ഉണ്ടാവുന്നത്.
ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങൾ ലീഗാണ് കൈവശം വയ്ക്കുന്നത്.
പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിന് മാറ്റിവച്ചിട്ടുള്ളത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവയിൽ ഒരെണ്ണം കൂടി ലഭിക്കണമെന്ന ആവശ്യം കോൺഗ്രസിന് ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവകാശവാദം ലീഗ് നേതൃത്വം മുളയിലേ നുള്ളിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |