
നെയ്യാറ്റിൻകര: രാവിലെയും വൈകിട്ടും ചെറിയ ഒരു നടത്തവും ശേഷം ലേശം വിശ്രമവുമെന്ന കാഴ്ചപ്പാടോടെ നെയ്യാറ്റിൻകര നഗരസഭ നടപ്പാക്കിയ പദ്ധതി വൻവിജയം. നെയ്യാറ്റിൻകര മരുത്തൂർ തോടിന് സമീപത്തെ പ്രദേശം ഇങ്ങനെയും മോടിപിടിപ്പിക്കാമെന്ന് കണ്ടെത്തിയത് നെയ്യാറ്റിൻകര നഗരസഭയിലെ കഴിഞ്ഞ ഭരണസമിതിയാണ്. കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നഗരസൗന്ദര്യവത്കരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലമേൽ വാർഡിലെ കാവുവിള റോഡിൽ ഹാപ്പിനസ് പാർക്ക് സ്ഥാപിച്ചത്. വിശാലമായ പനങ്ങാട്ടുകരി നെൽപ്പാടത്തിന് സമീപമാണ് ഈ പാർക്ക്.
റിലാക്സ് ചെയ്യാം
ഇവിടത്തെ കോൺക്രീറ്റ് ബെഞ്ചിലിരുന്നാൽ ഇളംകാറ്റും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. പ്രഭാതസവാരിക്ക് ശേഷമുള്ള റിലാക്സേഷനും പറ്റിയ ഇടമാണ്. രാവിലെ ഫ്രഷ് ജൂസും ചായയുമൊക്കെ ഈ പാർക്കിനോടനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള തട്ടുകടകളിൽ നിന്നും ലഭിക്കും.
ചെലവ് -1.9 കോടി രൂപ
കേന്ദ്ര സർക്കാരിന്റെ നഗരസൗന്ദര്യവത്കരണം ഫണ്ടുപയോഗിച്ച് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.9 കോടി രൂപ ചെലവിട്ടാണ് പാർക്ക് നിർമ്മിച്ചത്. നദിയോരങ്ങൾ മോടി പിടിപ്പിക്കുന്നതിലേക്കായാണ് ഈ ഫണ്ട് ഉപയോഗിക്കേണ്ടത്. 2025 ആഗസ്റ്റ് 23ന് വി.ശിവൻകുട്ടി പാർക്ക് ജനങ്ങൾക്കായി തുറന്നു നൽകി.
പോരായ്മ
ആധുനിക രീതിയിൽ പാർക്ക് പണിതെങ്കിലും പരിപാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ട്. പാർക്ക് ഇപ്പോൾ കരിയിലയും മറ്റും വീണ് വൃത്തിഹീനമാണ്. ഇവിടേക്ക് മാത്രമായി ഒരു ശുചീകരണ തൊഴിലാളിയെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |