
വക്കം: കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം തീരദേശ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഏതുനേരവും ദേഹത്തേക്ക് ചാടിവീഴുമെന്ന അവസ്ഥയിലാണ്. മാമ്പള്ളി,മീരാൻ കടവ് പാലം,നിലയ്ക്കാമുക്ക് മാർക്കറ്റ്,മങ്കുഴി മാർക്കറ്റ്,ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂൾ മേഖലകളാണ് പ്രധാന കേന്ദ്രങ്ങൾ. പ്രഭാതസവാരിക്കാർ, സൊസൈറ്റിയിൽ പാൽ വില്പനക്കാർ, ഉദ്യോഗസ്ഥർ, സ്കൂൾ കുട്ടികൾ എന്നിവരും ഭീതിയിലാണ്. ഇരുചക്രവാഹനയാത്രക്കാർക്ക് പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങൾ പതിവാണ്. രക്ഷനേടാൻ വാഹനം അതിവേഗം ഓടിച്ച് അപകടത്തിൽപ്പെടുന്നതും നിത്യസംഭവം. നിർമ്മാണത്തിലുള്ള കെട്ടിടങ്ങൾ,പൊന്തക്കാടുകൾ, മീരാൻകടവ് പാലം തുടങ്ങിയവയാണ് ഇവരുടെ വിശ്രമ സങ്കേതം. വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നു. തെരുവുവിളക്കുകളുടെ അഭാവവത്തിൽ കാൽനട,വാഹനയാത്രക്കാർ ബുദ്ധിമുട്ടിലാണ്.
പ്രധാന കേന്ദ്രങ്ങൾ
കാപാലീശ്വരം, മാമ്പള്ളി കടപ്പുറം, പള്ളിക്കുടി, മുണ്ടുതുറ, കായിക്കര,ഇറങ്ങുകടവ്
എത്തുന്നത് ഭക്ഷണത്തിന്
റോഡരികിൽ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടങ്ങളാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം കൂട്ടാൻ പ്രധാന കാരണം. അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർക്കും റോഡരികിൽ ഉപേക്ഷിക്കുന്നവർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും തീരദേശ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടുകയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
തെരുവു നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ സ്ഥാപിക്കുക എന്നത് പ്രായോഗികമല്ല. അപകടകാരികളായ മറ്റു മൃഗങ്ങളെയെല്ലാം കൊല്ലാമെങ്കിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ എന്താണ് ബുദ്ധിമുട്ട്
വി. ലൈജു, മുൻവൈസ് പ്രസിഡന്റ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |