തൃശൂർ: ജില്ലയിലെ കാർഷിക മേഖലയുടെ ഉന്നതി തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ മുന്നിലുള്ളതെന്ന് സ്ഥാനമേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കേരള കൗമുദിയോട് പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന വന്യമൃഗശല്യം തടയുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും. നവകേരളവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികൾ ആവിഷ്‌കരിക്കുകയെന്നത് വരും നാളുകളിലെ ലക്ഷ്യങ്ങളാണ്. എ.ഐ, റോബോട്ടിക് തുടങ്ങി ആധുനിക സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യ ഒരുക്കും. നിലവിൽ തുടർന്ന് കൊണ്ടിരിക്കുന്ന പദ്ധതികൾ ഉടൻ പൂർത്തീകരിക്കും. പുതിയ വർഷത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞ പത്തു വർഷക്കാലമായി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായത്തിൽ ജില്ലയുടെ സമഗ്രമായ മാറ്റം സൃഷ്ടിക്കാൻ സാധിച്ചിരുന്നു. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി തയ്യാറാക്കിയ പദ്ധതി പൂർത്തികരിക്കാൻ അടിയന്തിര പ്രധാന്യം നൽകും. വനിതാ ഫിറ്റ്‌നസ് സെന്ററുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സൈബർ പാർക്കും ലക്ഷ്യമിടുന്നു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തുടക്കം കുറിച്ച കാൻ തൃശൂർ പദ്ധതിയിലൂടെ ക്യാൻസർ രോഗികൾക്ക് കൂടുതൽ സഹായമെത്തിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും മേരി തോമസ് കൂട്ടിചേർത്തു.
ജില്ലാ പഞ്ചായത്തിൽമൂന്നാംമൂഴം
തൃശൂർ: ജില്ലാ പഞ്ചായത്തിൽ തുടർച്ചയായി മൂന്നാം തവണ ഭരണത്തിലേക്ക് കടന്ന് എൽ.ഡി.എഫ്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി സി.പി.എമ്മിലെ മേരി തോമസും വൈസ് പ്രസിഡന്റായി സി.പി.ഐയിലെ ടി.കെ.സുധീഷും ചുമതലേയറ്റു. മേരി തോമസിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ടി.കെ.സുധീഷിന് മേരി തോമസും സത്യവാചകം ചൊല്ലി കൊടുത്തു. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ തുടങ്ങി നിരവധി പേർ അനുമോദിക്കാനെത്തി. ആകെയുള്ള 30 അംഗങ്ങളിൽ 21 പേർ എൽ.ഡി.എഫും 9 പേർ യു.ഡി.എഫുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |