
ഇടുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കരിങ്കുന്നം ഡിവിഷൻ അംഗം പ്രൊഫ. ഷീലാ സ്റ്റീഫൻ മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അടിമാലി ഡിവിഷൻ അംഗം ടി.എസ്. സിദ്ദിഖും ചുമതലയേറ്റു.
ആകെ 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഷീല സ്റ്റീഫൻ 14 വോട്ടും എതിർ സ്ഥാനാർത്ഥി നെടുങ്കണ്ടം ഡിവിഷനിലെ തിലോത്തമ സോമൻ മൂന്ന് വോട്ടും നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അടിമാലി ഡിവിഷനിൽ നിന്നുള്ള ടി.എസ്. സിദ്ദിഖ് മൂന്നിനെതിരേ 14 വോട്ടുകൾക്കാണ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥി ടി.ആർ. ഈശ്വരൻ ആയിരുന്നു.പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷീല സ്റ്റീഫൻ വരണാധികാരി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബും തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തു.
ഷീലയ്ക്കിത് മൂന്നാമൂഴം
1995ലെ ആദ്യ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ മത്സരിച്ച് അദ്ധ്യക്ഷ പദവിയിൽ എത്തിയ അനുഭവ സമ്പത്തുമായാണ് ഷീല സ്റ്റീഫൻ മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2005ൽ പ്രസിഡന്റായിരുന്നു. രണ്ട് വട്ടം വൈസ് പ്രസിഡന്റുമായിട്ടുണ്ട്. കേരള വനിത കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമാണ്. കോട്ടയം കുറുപ്പുംതറയിൽ ജനിച്ച ഷീല കോട്ടയം ബി.സി.എം കോളേജ് മുൻ പ്രിൻസിപ്പലാണ്. നാഷണൽ ഇൻഷുറൻസ് കമ്പനി റിട്ട. ഉദ്യോഗസ്ഥൻ സ്റ്റീഫൻ ഫിലിപ്പ് ഭർത്താവാണ്. മർച്ചന്റ് നേവി ചീഫ് ഓഫീസർ ഫിലിപ്പ് സ്റ്റീഫൻ, കാനഡയിൽ എൻജിനീയറായ എമിൽ സ്റ്റീഫൻ എന്നിവർ മക്കളാണ്. സംഗീത, അന്നു എന്നിവർ മരുമക്കളുമാണ്.
ടി.എസ്. സിദ്ധിഖിനിത് പുതുനിയോഗം
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.എസ്. സിദ്ദിഖ് അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മോട്ടോർ ട്രാൻസ്‌പോർട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ്, ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ്. വെള്ളയാംകുടി സെന്റ് ജെറോം സ്‌കൂളിലെ അദ്ധ്യാപിക പി.വി. ആമിനയാണ് ഭാര്യ. സുൽഫത്ത്, സലീൽ സിദ്ദീഖ് എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |