
കുട്ടനാട്: 18വർഷമായി ലോക്കൽ കമ്മിറ്റി അംഗമായും 2010-2015ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ച ആളെ വെട്ടി കഴിഞ്ഞ സമ്മേളനകാലയളവിൽ കമ്മിറ്റിയിലേയ്ക്ക് വന്ന ആളെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് സി.പി.എം വെളിയനാട് ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറിക്ക് കാരണമായി. പാർട്ടിയിലെ മുതിർന്ന അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്തിട്ടുള്ള എം.വി മനോജിനെയാണ് പ്രസിഡന്റ് സ്ഥാനം നല്കാതെ ഒഴിവാക്കാൻ ശ്രമിച്ചത്. പകരം ഇപ്രാവശ്യം ആറാം വാർഡിൽ നിന്ന് ജയിച്ച പി. എം. ഷൈനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
ഇത് ലോക്കൽ കമ്മിറ്റിയിൽ വലിയ തർക്കത്തിനും പൊട്ടിത്തെറിക്കും കാരണമാകുമെന്ന് കണ്ടതോടെ പ്രസിഡന്റ് സ്ഥാനം ഇരുവർക്കും രണ്ടര വർഷം വീതം നല്കി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. മനോജിന് എതിരെ പാർട്ടിയിൽ നടന്ന ചരട് വലിക്ക് പിന്നിൽ പ്രദേശത്തെ ഒരു ജില്ലാ കമ്മറ്റി അംഗമാണന്ന ആക്ഷേപം ശക്തമാണ്. മനോജിന്റെ പേരിൽ കേസ്സുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹം ജില്ലാ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനം വീതം വച്ചതിന് പിന്നിൽ ചില സാമ്പാത്തിക താല്പര്യങ്ങൾ ഉള്ളതായും ആക്ഷേപമുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ പാർട്ടിയിൽ വൻ പൊട്ടിത്തെറിക്ക് സാദ്ധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |