
ചേർത്തല: ചേർത്തല നഗരത്തിൽ ബേക്കറിയിൽ തീപിടിത്തം, പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ബേക്കറിയിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ രാവിലെ 10.30 ഓടെയാണ് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് എതിർവശത്തെ വയലാർ റെയ്ൻ മൻസിൽ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ എന്ന ബേക്കറിക്ക് തീപിടിച്ചത്. മുകൾ നിലയിലെ അടുക്കള ഭാഗത്താണ് തീ ആദ്യം പടർന്നത്. പാചക വാതക സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്ന് പ്രാഥമിക വിവരം. മുകൾ നില പൂർണമായും കത്തിനശിച്ചു. അടുക്കളയിലുണ്ടായിരുന്ന രണ്ടു പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ചു. ചേർത്തല അഗ്നിശമന സേനാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. മുകളിലെ നിലയിലേക്ക് ചെറിയ പടിയിലൂടെ കയറാൻ ആദ്യം ബുദ്ധിമുട്ടി. തുടർന്ന് പുറത്തു നിന്ന് വെള്ളം പമ്പ് ചെയ്താണ് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനെടുവിൽ തീ അണച്ചത്.സമീപത്തുണ്ടായിരുന്ന സ്ഥാപനങ്ങളിലേക്ക് തീപടരാതിരുന്നതിനാൻ വൻ ദുരന്തം ഒഴിവായി. പ്രാഥമികമായി 20 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. അഗ്നിശമന സേനാ സ്റ്റേഷൻ ഓഫീസർ എ.ശ്രീകുമാർ,സീനിയർ ഓഫീസർമാരായ ജെസ്റ്റിൻ,ലെജി,രാഗേഷ്,രഞ്ജിത്ത്,സുബിൻ,ബിന്ദുകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |