
തിരുവനന്തപുരം: പുതുവർഷാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തും പാപ്പാഞ്ഞിയെ കത്തിക്കും.
കോവളത്തിനടുത്ത് വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് ഭീമൻ പാപ്പാഞ്ഞി തയാറാകുന്നത്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാർ പത്ത് ദിവസങ്ങൾ എടുത്താണ് കൂറ്റൻ പാപ്പാഞ്ഞിയെ ഒരുക്കിയത്. 40 അടി ഉയരത്തിലാണ് പാപ്പാഞ്ഞിയെ രൂപകല്പന ചെയ്തിരിക്കുന്നത്.
എപ്പിലോഗ് എന്നു പേരിട്ടിരിക്കുന്ന പുതുവർഷ കലാസന്ധ്യയുടെ നാലാം പതിപ്പാണ് ഈ വർഷത്തേത്. അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിന്റെ സംഗീത വിരുന്നുമുണ്ട്. ഒപ്പം ഡി.ജെ പാർട്ടി,ഫൂഡ് ഫെസ്റ്റ്,ചെണ്ട ഫ്യൂഷൻ,വെടിക്കെട്ട് ഉൾപ്പെടെ ഒരുക്കി ആഘോഷത്തിമിർപ്പോടെയുള്ള പുതുവർഷ ഒരുക്കങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ പൂർത്തിയായിവരുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.
ഡിസംബർ 31ന് വൈകിട്ട് മൂന്ന് വരെ ആയിരിക്കും സന്ദർശനം. രാത്രി 7ന് തുടങ്ങുന്ന കലാപരിപാടികൾ രാത്രി 12 വരെ നീളും. പുതുവർഷം പുലരുമ്പോൾ വെടിക്കെട്ടിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |