
പുന്നംപറമ്പ് : തെക്കുംകര പഞ്ചായത്തിനെ നയിക്കാൻ ഇനി തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ശാന്ത ഉണ്ണിക്കൃഷ്ണൻ (53). നിലവിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയായിരുന്ന ശാന്ത ഉണ്ണിക്കൃഷ്ണൻ പഞ്ചായത്തിന്റെ പ്രഥമ വനിതയായി വോട്ടെടുപ്പിലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് പദവി. പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക പട്ടികജാതി വനിതയാണ് ശാന്ത. മലാക്ക വാർഡിൽ നിന്നാണ് ഇത്തവണ പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്. കഴിഞ്ഞ ഭരണസമിതിയിൽ വീരോലിപ്പാടം വാർഡ് മെമ്പറായിരുന്നു. നാലാംകോട് ചീരോത്ത് വളപ്പിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ്. സി.പി.എം തെക്കുംകര ലോക്കൽ കമ്മിറ്റി മെമ്പർ, ബ്രാഞ്ച് സെക്രട്ടറി, പി.കെ.എസ് ലോക്കൽ പ്രസിഡന്റ്, എ.ഡി.എസ്, സി.ഡി.എസ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റായി വീരോലിപ്പാടം വാർഡ് മെമ്പറും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഇ.എൻ. ശശി തിരഞെടുക്കപ്പെട്ടു. കോൺഗ്രസിലെ കുണ്ടുകാട് വാർഡ് മെമ്പർ സി.വി.വിജയനെ യാണ് പരാജയപ്പെടുത്തിയത്. ശശിക്ക് 10ഉം വിജയന് 7 വോട്ടുകളും ലഭിച്ചു. 2 ബി.ജെ.പി മെമ്പർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് -10, യു.ഡി.എഫ് -7, എൻ.ഡി.എ-2 എന്നിങ്ങനെ യാണ് കക്ഷിനില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |