SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.36 PM IST

മെട്രോ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

Increase Font Size Decrease Font Size Print Page
attack-with-knife-

കൊച്ചി: ജോലി സ്ഥലത്തും ബസ് സ്റ്റോപ്പിലും വച്ച് ബഹളമുണ്ടാക്കിയ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവതിയെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽവച്ച് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. വയറിനും കൈകളിലും മുറിവേറ്റ യുവതി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചോരപുരണ്ട കത്തിയുമായി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭർത്താവ് ഇടപ്പള്ളി ചങ്ങമ്പുഴ കൂനംതൈ മാനത്ത്പാടം വീട്ടിൽ മഹേഷിനെ (39) മെട്രോ പൊലീസ് കീഴ്പ്പെടുത്തി.

ആലപ്പുഴ മുല്ലയ്‌ക്കൽ സ്വദേശി നീതുവിനാണ് (32) കുത്തേറ്റത്. ഇന്നലെ വൈകിട്ട് കളമശേരി മുട്ടം മെട്രോ സ്റ്റേഷനിലായിരുന്നു യാത്രക്കാരെ ഭീതിയിലാഴ്‌ത്തിയ അക്രമം. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി ആലുവ തോട്ടയ്‌ക്കാട്ടുകരയിലെ ബന്ധുവീട്ടിലാണ് നീതു താമസം. ഇന്നലെ വൈകിട്ട് നീതു അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മുട്ടത്തെ സ്വകാര്യസ്ഥാപനത്തിലെത്തി മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ മഹേഷിനെ യുവതിയുടെ സഹപ്രവർത്തകർ ചേർന്ന് പിന്തിരിപ്പിച്ചിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് മുട്ടത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന നീതുവിനെ അവിടെയെത്തിയും മഹേഷ് ഭീഷണിപ്പെടുത്തി.

തുട‌ർന്നാണ് സുരക്ഷിത യാത്രയ്‌ക്കായി യുവതി മുട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. ടിക്കറ്റ് എടുത്ത് തിരിയുന്നതിനിടെ ഇവിടെയെത്തിയ മഹേഷ് തനിക്ക് കൂടി ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. നിതു വിസമ്മതിച്ചതോടെയാണ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയത്. നിതു ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വയറിന്റെ ഇടത് ഭാഗത്ത് കുത്തേറ്റു. കൂടുതൽ ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ ഇരുകൈകൾക്കും മുറിവേറ്റു. സ്റ്റേഷനിൽ ഉണ്ടായിരുന്ന മെട്രോ പൊലീസാണ് ഇയാളെ കീഴ്പ്പെടുത്തിയത്. തുടർന്ന് കളമശേരിയിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

നീതു അപകടനില തരണം ചെയ്തതായും കൊലപ്പെടുത്തുകയായിരുന്നു മഹേഷിന്റെ ഉദ്ദേശ്യമെന്നും പൊലീസ് അറിയിച്ചു. രണ്ടു കൊല്ലം മുമ്പാണ് ചുമട്ടുതൊഴിലാളിയായ മഹേഷും നീതുവും വിവാഹിതരായത്. വിവാഹത്തിന് ശേഷം അപകടത്തിൽ പരിക്കേറ്റ മഹേഷിന് ജോലിക്ക് പോകാൻ സാധിക്കാതെയായി. സംശയരോഗത്തെ തുടർന്ന് ഭാര്യയെ മർദ്ദിക്കുന്നത് പതിവായതോടെയാണ് നീതു ബന്ധുവീട്ടിലേക്ക് താമസം മാറ്റിയത്.

TAGS: ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY