
തിരുവനന്തപുരം: എസ്.ഐ.ആർ. വോട്ടർപട്ടികയിൽ നിന്ന് പുറത്താകാനിടയുള്ളവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങാൻ ഉത്തരവിറക്കി സംസ്ഥാനസർക്കാർ. ജില്ലാ കളക്ടർമാർക്കാണ് ചുമതല. രണ്ട് ഉദ്യോഗസ്ഥർ ഹെൽപ് ഡെസ്കുകളിൽ ഉണ്ടായിരിക്കും. ഹെൽപ് ഡെസ്കുകളെ നേരിട്ട് സമീപിക്കുന്ന വോട്ടർമാരെ സഹായിക്കുന്നതിനൊപ്പം ഉന്നതികൾ,മലയോര പ്രദേശങ്ങൾ.തീരദേശ മേഖലകൾ, മറ്റ് പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് പോയി അർഹരായവരെ കണ്ടെത്തി സേവനം നൽകും. അങ്കണവാടി വർക്കർമാർ,ആശാവർക്കർമാർ,കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്താനാണ് നിർദ്ദേശം. വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് തയ്യാറാക്കാൻ സൗകര്യമില്ലെങ്കിൽ സമീപത്തെ മറ്റേതെങ്കിലും സർക്കാർ കെട്ടിടത്തിൽ സൗകര്യമൊരുക്കണം.
സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടികയിൽ 24.08 ലക്ഷം നിലവിലുള്ള വോട്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരിൽ തന്നെ 19.32ലക്ഷം പേരെ 2002ലെ വോട്ടർപട്ടികയുമായി മാപ്പിംഗ് നടത്താനായില്ലെന്ന കാരണം പറഞ്ഞ് മാറ്റിനിറുത്താനും നീക്കമുണ്ട്.നിലവിൽ 18നും 40നും ഇടയിൽ പ്രായമുള്ള വോട്ടർമാർ 2002ലെ വോട്ടർപട്ടികയുമായി ബന്ധപ്പെടുത്തി ബന്ധുത്വം തെളിയിക്കുന്ന നടപടിയാണ് മാപ്പിംഗ്. കൂടാതെ ഏതെങ്കിലും കാരണത്താൽ 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയവരും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തവരും എസ്.ഐ.ആർ.വോട്ടർപട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |