വഴിമാറി രോഹിതും വിരാടും
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നെടും തൂണുകളായിരുന്ന മുൻക്യാപ്ടൻമാർ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ഈ ഫോർമാറ്റിൽ നിന്ന് വിരമിച്ചത് ഈ വർഷമാണ്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു വിരമിക്കൽ പ്രഖ്യാപനങ്ങൾ. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ സ്പിന്നർ രവിചന്ദ്രൻ അശ്വിനും വിരമിച്ചിരുന്നു.
ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചത് രോഹിത് ശർമ്മയാണ് . ഇംഗ്ളണ്ട് പര്യടനത്തിൽ തന്നെ ക്യാപ്‌ടനാക്കില്ലെന്ന് സെലക്ടർമാരിൽ നിന്ന് അറിഞ്ഞപ്പോൾ തന്നെ രോഹിത് ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് നേടിയതിന് ശേഷം ആ ഫോർമാറ്റിൽ നിന്ന് വിരാടും രോഹിതും വിരമിച്ചിരുന്നു.
രോഹിത് ശർമ്മയ്ക്ക് പിന്നാലെ മേയ് 12ന് വിരാട് കൊഹ്‌ലിയും ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു .
38കാരനായ രോഹിതും 37കാരനായ വിരാടും ഏകദിനത്തിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പ്ലേയർ ഒഫ് ദ സിരീസായി രോഹിതും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ പ്ലേയർ ഒഫ് ദ സിരീസായി വിരാടും ഇപ്പോഴും തങ്ങൾ മികച്ച ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു.
നായകനായി ഗിൽ
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി ശുഭ്മാൻ ഗിൽ അവരോധിക്കപ്പെട്ടത് ഈ വർഷമാണ്. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും പടിയിറങ്ങിയതിനു പിന്നാലെയുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ തലമുറമാറ്റത്തിന്റെ പ്രതീകമാണ് ഗില്ലിന്റെ ക്യാപ്ടൻസി.
ഗിൽ നായകനായി ആദ്യം നടന്നത് ഇംഗ്ലണ്ട് പര്യടനമായിരുന്നു. അഞ്ചുടെസ്റ്റുകളുടെ പരമ്പര 2-2ന് സമനിലയിലാക്കാൻ ഗില്ലിന് കഴിഞ്ഞു. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ഹോംടെസ്റ്റുകളുടെ പരമ്പരയും സ്വന്തമാക്കി. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ പരാജയപ്പെട്ടത് തിരിച്ചടിയായി. ഈ പരമ്പരയിലെ ആദ്യമത്സരത്തിൽ ഗില്ലിന് പരിക്കേറ്റതിനാൽ തുടർന്ന് കളിക്കാനുമായില്ല. അടുത്തവർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഗിൽ ഒഴിവാക്കപ്പെടുകയും ചെയ്തു.
നിർഭാഗ്യത്തെ കീഴടക്കിയ
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിലെ ലോഡ്സ് മൈതാനിയിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് മലർത്തിയടിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായി. കഴിഞ്ഞ 27 വർഷത്തിനിടയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കുന്ന ആദ്യ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റ് കിരീടം. ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ച ഏക ഐ.സി.സി കിരീടം 1998-ലെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു . ഫൈനലിൽ ടെംപ ബൗമ എന്ന കറുത്ത വർഗക്കാരൻ നായകനു കീഴിൽ ഇറങ്ങി തോൽവിയുടെ വക്കിൽ നിന്ന് പൊരുതി വാങ്ങിയതാണ് ദക്ഷിണാഫ്രിക്ക ഈ കിരീടം. ആദ്യ ഇന്നിംഗ്സിൽ 74 റൺസിന്റെ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സിൽ 282 റൺസിന്റെ വിജയലക്ഷ്യം നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തു പകർന്നത് സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമിന്റേയും (136) അർദ്ധസെഞ്ച്വറി നേടിയ ടെംപ ബൗമയുടേയും (66) പോരാട്ടവീര്യമാണ്.
വനിതാ പ്രിമിയർ ലീഗിൽ
മുംബയ് കിരീടം
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടത്തിൽ വീണ്ടും മുംബയ് മുത്തം. മുംബയ്‌യിലെ ബ്രാബോൺ സ്റ്റേഡിയം വേദിയായ വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 8 റൺസിന് കീഴടക്കിയാണ് മുംബയ് തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം സീസണിലാണ് ഡൽഹി ഫൈനലിൽ തോറ്റത്. മൂന്ന് സീസണിലും ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായതും ഡൽഹിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |