
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനിറങ്ങിയത് ടൂർണമെന്റിന്റെ മുഖച്ഛായ മാറ്റിയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അന്താരാഷ്ട്ര ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇരുവരും ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇപ്പോൾ സജീവമായിട്ടുള്ളത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമുള്ള ഇടവേളയിലാണ് ഇരുവരും സ്വന്തം നാട്ടിലെ ടീമുകൾക്കായി കളത്തിലിറങ്ങിയത്.
കൊഹ്‌ലിയുടെയും രോഹിത്തിന്റെയും കളിയിലെ സാന്നിദ്ധ്യം വിജയ് ഹസാരെ ട്രോഫിയെ കൂടുതൽ ജനപ്രിയമാക്കി മാറ്റി. ടൂർണമെന്റിൽ തകർപ്പൻ പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവയ്ക്കുന്നത്. രോഹിത് ശർമ്മ മുംബയ്ക്കും വിരാട് കൊഹ്‌ലി ഡൽഹിക്കും വേണ്ടിയാണ് കളിക്കുന്നത്.
മുംബയ്ക്കു വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി (155 റൺസ്) ഉൾപ്പെടെ തകർപ്പൻ പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഡൽഹിക്കായി കളിച്ച കൊഹ്‌ലി സെഞ്ച്വറിയും (137),അർദ്ധ സെഞ്ച്വറിയും (77) സ്വന്തമാക്കി മികച്ച സ്‌കോറുകളാണ് നേടിയത്. ഇവർ കളിക്കാനിറങ്ങിയതോടെ ടൂർണമെന്റിന്റെ ആവേശം വർദ്ധിച്ചെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
സൂപ്പർ താരങ്ങളുടെ വരവിനെ സ്വാഗതം ചെയ്യുമ്പോഴും ടൂർണമെന്റിലെ മത്സരങ്ങളുടെ നിലവാരത്തെക്കുറിച്ച് ചോപ്ര ചോദ്യങ്ങൾ ഉയർത്തി. പല മത്സരങ്ങളിലും 400ഉം 500ഉം റൺസ് സ്‌കോർ ചെയ്യപ്പെടുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. 'ഒരു ടീം 560ലധികം റൺസ് നേടുന്നു, മറ്റൊരു ടീം 400 റൺസ് പിന്തുടർന്ന് ജയിക്കുന്നു. 30ഓവറിൽ 300 റൺസ് ചേസ് ചെയ്യുന്നതൊന്നും അത്ര നല്ല സൂചനയല്ല. ലോധ കമ്മിറ്റി പരിഷ്‌കാരങ്ങൾക്ക് ശേഷം കൂടുതൽ ആഭ്യന്തര ടീമുകൾ വന്നുവെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ വളർച്ചയോ ഉണ്ടായിട്ടില്ല. ടീമുകൾ തമ്മിലുള്ള നിലവാരത്തിലുള്ള വലിയ വ്യത്യാസമാണ് ഈ കൂറ്റൻ സ്‌കോറുകൾ കാണിക്കുന്നത്'. ആകാശ് ചോപ്ര പറഞ്ഞു.
സിക്കിമിനെയും ആന്ധ്രയെയും പോലുള്ള ടീമുകളെ തകർത്ത് കൊഹ്‌ലിയും രോഹിത്തും റൺസ് അടിച്ചുകൂട്ടുന്നത് കാണുന്നതിൽ സന്തോഷമുണ്ടെങ്കിലും, ആഭ്യന്തര ക്രിക്കറ്റിലെ ടീമുകൾ തമ്മിലുള്ള വലിയ വിടവ് പരിഹരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂസിലൻഡുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും രോകൊ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാനാണ് ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |