
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാരിക്കോരി നൽകിയ ആനുകൂല്യങ്ങൾ രക്ഷിച്ചില്ല. ന്യൂനപക്ഷം കൈവിട്ടു. ഭൂരിപക്ഷ വിഭാഗം വലയിൽ വീണതുമില്ല. ജനങ്ങളെ ആകർഷിക്കാൻ ഇനി ശരണം കേന്ദ്രത്തിനെതിരെയുള്ള സമരം മാത്രമാകുമോ?
പോരാട്ടത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും പാർട്ടി എം.പിമാരും തെരുവിലേക്ക് ഇറങ്ങുകയാണെന്നാണ് സൂചന. ഇതിന്റെ ആദ്യ ഘട്ടമായി ജനുവരി 12ന് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരുമെല്ലാം ഉപവസിക്കും. ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് യുദ്ധപ്രഖ്യാപനം. പയറ്റിയ തന്ത്രങ്ങൾ പാളിയതോടെയാണ് കേന്ദ്രത്തിനെതിരെ സമരമുഖം തുറന്ന് തന്ത്രങ്ങൾ മെനയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നതിലുള്ള പ്രതിഷേധം കടുപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ അശാസ്ത്രീയ മാറ്റങ്ങൾ, ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതത്തിന്റെ കുടിശിക, വായ്പാ പരിധി വെട്ടിക്കുറവ് തുടങ്ങിയ കാര്യങ്ങൾ സമരത്തിൽ ഉന്നയിക്കും.
ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സമരം നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷിക്കുന്നത് അഞ്ചു മാസം. പുറമെ വലിയ ആത്മവിശ്വാസം കാട്ടുന്നെങ്കിലും തുടർഭരണമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റെന്ന് സി.പി.എമ്മും മുന്നണിയും തിരിച്ചറിയുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ കരകയറാൻ എന്താണ് മാർഗ്ഗം എന്നതായിരുന്നു ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിലെ ഏക അജണ്ട.
ജനുവരി ആറിനോ ഏഴിനോ ചേരുന്ന എൽ.ഡി.എഫ് യോഗത്തിലേ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തൂ. അർഹമായ ആനുകൂല്യങ്ങൾ കേന്ദ്രം നിഷേധിച്ചിട്ടും കോൺഗ്രസിന്റെ ഭാഗത്തു നിന്നു യാതൊരു എതിർപ്പും ഉയരുന്നില്ലെന്നാണ് എൽ.ഡി.എഫ് യോഗത്തിലെ വിലയിരുത്തൽ.
തദ്ദേശ തലത്തിലും സമരം, മൂന്ന് മേഖലാ ജാഥകൾ
ഉപവാസത്തെ തുടർന്ന് എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സമരപരിപാടികൾ ആവിഷ്കരിക്കും. കേന്ദ്ര അവഗണനയ്ക്കെതിരെ ഫെബ്രുവരി ആദ്യ വാരത്തിൽ മൂന്ന് മേഖലാ ജാഥകൾ നടത്തും.
ഒരു അസംബ്ളി മണ്ഡലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും ജാഥ എത്തും വിധമാണ് ക്രമീകരണം.
ഒരു ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറിയും മറ്റൊന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും നയിക്കും. മൂന്നാമത്തെ ജാഥയുടെ നേതൃത്വം കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകാനാണ് സാദ്ധ്യത.
മറ്റത്തൂർ കോൺഗ്രസിനെതിരായ ആയുധം
ഒറ്രച്ചാട്ടത്തിന് ബി.ജെ.പിയിൽ എത്താൻ തക്കം പാർക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിഹാസവും രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നുടലെടുത്തതാണ്. കൈപ്പത്തി ചിഹ്നം താമരയാക്കാൻ കോൺഗ്രസുകാർക്ക് മനഃസാക്ഷിക്കുത്തില്ലെന്നാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, മോദിയും അമിത് ഷായും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |