തിരൂരങ്ങാടി: പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. ആഘോഷകാലത്ത് അടിക്കടി ഉണ്ടാവുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു.
പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാദ്ധ്യത പരിഗണിച്ച് ഡിസംബർ 30, 31 തീയതികളിൽ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് പരിധിയിലെ പ്രധാന അപകട മേഖലകൾ, ദേശീയ,സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊർജ്ജിതമാക്കുന്നത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ എൻഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ രാത്രികാല പരിശോധന ശക്തമാക്കും.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹനയാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കർശന നടപടി
രൂപ മാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ജി. സുഗതൻ പറഞ്ഞു.
മറ്റുള്ളവരുടെ ഡ്രൈവിംഗിനെ ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാവും.
എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കുമെന്നും ശബരിമല തീർത്ഥാടന കാലം നിലനിൽക്കുന്നതിനാൽ പുതുവത്സരദിനത്തിൽ റോഡ് തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കൾ ജാഗ്രത പുലർത്തണം
സ്വന്തം മക്കൾ അപകടത്തിൽ പെടാതിരിക്കാനും മറ്റുള്ളവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനും കുട്ടികളുടെ കൈകളിൽ വാഹനം കൊടുത്തു വിടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.
ജി. സുഗതൻ, തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |