
ചിറ്റൂർ: ഒരു ജനതയുടെ തിരച്ചിലും പ്രാർത്ഥനയും വിഫലമാക്കി സുഹാൻ മടങ്ങി. ശനിയാഴ്ച ഉച്ച മുതൽ കാണാതായ ചിറ്റൂരിലെ 6 വയസ്സുകാരൻ സുഹാനെ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്-താഹിത ദമ്പതികളുടെ മകനാണ്. വീട്ടിൽ നിന്ന് അരക്കിലോമീറ്ററിലേറെ ദൂരെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്ത് പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാണാതായി 21 മണിക്കൂറിന് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം സുഹാൻ പഠിച്ച അമ്പാട്ടുപാളയം റോയൽ ഇന്ത്യൻ സ്‌കൂളിലേക്കെത്തിച്ച് പൊതുദർശനം നടത്തി. തുടർന്ന് എരുമങ്കാടുള്ള മാതാവിന്റെ വീട്ടിലും ഉച്ചയ്ക്കുശേഷം ചിറ്റൂർ നല്ലേപ്പിള്ളിയിലുള്ള പിതാവിന്റെ വീട്ടിലും പൊതുദർശനത്തിന് വച്ചു. നാലുമണിയോടെ നല്ലേപ്പിള്ളി പാറക്കാൽ ജുമാ മസ്ജിദിൽ കബറടക്കി. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി വീടിനു പുറത്തേക്കിറങ്ങിയ സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സഹോദരൻ റിയാൻ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. വിദേശത്തുള്ള പിതാവ് മുഹമ്മദ് അനസ് വിവരമറിഞ്ഞ് ഇന്നലെ രാവിലെ നാട്ടിലെത്തിയിരുന്നു.
മുങ്ങിമരണം തന്നെ
സുഹാന്റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുളത്തിലിറങ്ങിയപ്പോൾ കുട്ടി അബദ്ധത്തിൽ അപകടത്തിൽ പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റിലോ പോസ്റ്റുമാർട്ടത്തിലോ കുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. 12 മണിയോടുതന്നെ കുട്ടി അപകടത്തിൽ പെട്ടിട്ടുണ്ടാവുമെന്നും നിഗമനമുണ്ട്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. മരണത്തിൽ ദൂരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. നേരെത്തേയും കുളത്തിനു സമീപത്തുകൂടി കുട്ടി നഗരസഭയ്ക്ക് സമീപത്തുള്ള പാർക്കിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസവും പാർക്ക് ലക്ഷ്യം വച്ച് പോകുന്നതിനിടെ കുളത്തിലിറങ്ങി അപകടത്തിൽ പെട്ടതാവാമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |