
ആലപ്പുഴ: ചക്ക- മരച്ചീനി ഉണക്കിയത്, മരച്ചീനിപ്പൊടി, ബനാന വാക്വം ഫ്രൈ.. സഹകരണ സംഘങ്ങൾ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന നാടൻ ഭക്ഷ്യവസ്തുക്കൾക്ക് ഇനി സഹകരണ വകുപ്പിന്റെ ബ്രാൻഡിംഗ്. ഇവ ഏകീകൃത ബ്രാൻഡാക്കി ഓൺലൈനിലൂടെ ഉൾപ്പെടെ വിദേശത്തടക്കം വിൽക്കും. കൺസ്യൂമർ ഫെഡ് ഉൾപ്പെടെ സഹകരണ വകുപ്പിന് കീഴിലുള്ള വില്പനകേന്ദ്രങ്ങളിലും ലഭ്യമാക്കും.
സംസ്ഥാനത്തെ നൂറോളം സഹകരണ സ്ഥാപനങ്ങൾ വിവിധതരം സാധനങ്ങൾ ഉത്പാദിപ്പിച്ച് പ്രാദേശികമായി വിറ്റഴിക്കുന്നുണ്ട്. ഇവയാണ് സഹകരണ വകുപ്പിന്റെ ബ്രാൻഡിൽ എല്ലായിടത്തും എത്തിക്കുക. ഹോളോഗ്രാം മുദ്ര പതിപ്പിച്ചാകും വില്പന. കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് പുറത്തിറക്കിയ 'അങ്ങാടി' മൊബൈൽ ആപ്പിലൂടെയാകും വിദേശത്തുള്ളവർക്കടക്കം ഇവ വാങ്ങാൻ സൗകര്യമൊരുക്കുക.
ഹോളോഗ്രാം മുദ്ര തയ്യാറാക്കാൻ സി ഡിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് തയ്യാറാകുന്ന മുറയ്ക്ക് ഏകീകൃത ബ്രാൻഡ് വില്പന തുടങ്ങും. സഹകരണ സംഘങ്ങൾക്ക് ഇതിലൂടെ കൂടുതൽ വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗുണനിലവാരമുള്ള നാടൻ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂടുതലായതിനാൽ സഹകരണ സംഘങ്ങൾക്ക് ഇത് നേട്ടമാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് എന്നിവരുടേതുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാകും ഉത്പന്നങ്ങൾ വില്പനയ്ക്ക് എത്തിക്കുക.
പുറത്തിറങ്ങുന്നത് നൂറോളം ഉത്പന്നങ്ങൾ
സഹകരണ സ്ഥാപനങ്ങളുടെ നൂറോളം ഉത്പന്നങ്ങൾ നിലവിൽ പുറത്തിറക്കുന്നുണ്ട്. തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി, കാക്കൂർ സഹകരണ സംഘത്തിന്റെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടിക്കാരുടെ മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, തിരുവനന്തപുരത്തെ നന്ദിയോട് സഹകരണ സംഘത്തിന്റെ വെളിച്ചെണ്ണ ഉൾപ്പെടെ ഏകീകൃത ബ്രാൻഡാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |