കാളികാവ്: ചോക്കാട് നാൽപ്പത് സെന്റ് ആദിവാസി നഗറിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഭീതിയോടെ ആദിവാസികൾ. തിങ്കളാഴ്ച രാത്രി 10ഓടെ പത്തിലേറെ വരുന്ന ആനകളാണ് വീടുകളുടെ അടുത്ത് തമ്പടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനകൾ കാടു കയറിയത്.
മാസങ്ങളായി ഇവിടെ ആനക്കൂട്ടങ്ങൾ ഇറങ്ങുക പതിവാണ്. രാത്രിയായാൽ പുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയിലാണ്. നൂറിലേറെ കുടുംബങ്ങൾ ഇവിടെ കഴിയുന്നത്.
ഇന്നലെ പടക്കം പൊട്ടിച്ചും ബഹളം വച്ചും തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കുട്ടികൾ ഉൾപ്പടെയുള്ള വലിയ ആനക്കൂട്ടമാണ് ഇന്നലെ എത്തിയത്.
കൊട്ടൻ ചോക്കാടൻ മലവാരത്തിൽ നിന്നും ആനമതിലും മറികടന്നാണ് കാട്ടാനകൾ ആദിവാസി നഗറിൽ എത്തിയത്. ഒട്ടേറെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ആനകളെ പേടിച്ച് തൊഴിലാളികൾ ജോലി മതിയാക്കി മടങ്ങി.
മാസങ്ങൾക്കു മുമ്പ് വെളിച്ചമില്ലാതെ വീട്ടു മുറ്റത്തിറങ്ങിയ ആദിവാസികളായ പുഞ്ചയിൽ വെള്ളനും പത്മിനിയും കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വന്യജീവി ആക്രമണം പേടിച്ചു കഴിയുന്ന ആദിവാസികളെ സഹായിക്കുന്നതിന് നാൽപ്പത് സെന്റ്ൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.നാൽപ്പത് സെന്റ് ആദിവാസി നഗറിലെ ശോച്യാവസ്ഥയെക്കുറിച്ചും ആന ശല്യത്തെക്കുറിച്ചും പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും കാര്യക്ഷമമായ ഇടപെടൽ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വേണം പരിഹാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |