
മലപ്പുറം: ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഗണ്യമായ കുറവുണ്ടെന്നും ഇത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാരായ പി.അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് ആവശ്യമുന്നയിച്ചത്.
ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ ആരോഗ്യവകുപ്പ് 202 സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി തസ്തികകൾ അനുവദിച്ചപ്പോൾ മലപ്പുറം ജില്ലയിൽ ആകെ നാല് തസ്തികകൾ മാത്രമാണ് അനുവദിച്ചതെന്നും ജനസംഖ്യാനുപാതികമായ തസ്തികകൾ അനുവദിച്ചില്ലെന്നും എം.എൽ.എമാർ ഉന്നയിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 595 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാനുള്ള പ്രപ്പോസൽ നൽകിയിട്ടുണ്ടെന്ന് ഡി.എം.ഒ. മറുപടി നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ മുഖേന ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർദേശിച്ചു.
തിരൂർ ജില്ലാ ആശുപത്രിയിൽ അർബുദ രോഗികൾക്ക് മരുന്നിന് വളരെയധികം കാലതാമസം നേരിടുന്നുണ്ടെന്നും പണമടച്ചിട്ടും കെ.എം.സി.എല്ലിൽ നിന്ന് മരുന്ന് ലഭ്യമാകുന്നില്ലെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. കെ.എം.സി.എല്ലിൽ ബന്ധപ്പെട്ട് ഈ വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ജില്ലാ കളക്ടർ ഡി.എം.ഒ.യ്ക്ക് നിർദ്ദേശം നൽകി. തിരൂർ ജില്ലാ ആശുപത്രിയിൽ ഞായർ ഒഴികെ എല്ലാ ദിവസവും ക്യാൻസർ ഒ.പി.യും കീമോ തെറാപ്പിയും നൽകി വരുന്നുണ്ടെന്ന് ഡി.എം.ഒ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകി.
ജില്ലയിൽ 85 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും 15 സി.എഎച്ച്.സി.കളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തി അധിക പി.എസ്.സി.തസ്തികകൾ സൃഷ്ടിക്കാനും കഴിഞ്ഞതായി എൻ.എച്ച്.എം. ഡി.പി.എം പറഞ്ഞു.
ദേശീയപാതയിൽ എല്ലായിടത്തും സർവീസ് റോഡുകൾ വൺവേ ആക്കുന്നത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃപരിശോധിക്കണമെന്നും വീതി കൂടിയ സ്ഥലങ്ങളായ യൂണിവേഴ്സിറ്റി, കോഹിനൂർ, ഇടിമൂഴിക്കൽ എന്നീ ഭാഗങ്ങൾ ടു വേ ആക്കണമെന്നും പി.അബ്ദുൽ ഹമീദ് എം.എൽ.എ.ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാനായി പൊലീസ്, ആർ.ടി.ഒ. റിപ്പോർട്ട് പ്രകാരമാണ് തീരുമാനം എടുത്തതെന്നും വിഷയം വീണ്ടും പരിശോധിക്കാമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും പുതുതായി വന്ന 784 പോളിങ് സ്റ്റേഷനുകളിലേയ്ക്ക് ബി.എൽ.ഒ.മാരെ ഇന്നലെ നിയമിച്ചതായും ബി.എൽ.എ.മാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. എസ്.ഐ.ആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് പി.അബ്ദുൽ ഹമീദ് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായാണ് ജില്ലാ കളക്ടർ ഇക്കാര്യമറിയിച്ചത്. ജില്ലയിൽ പൊന്നാനി, തവനൂർ മണ്ഡലങ്ങളിലാണ് കൂടുതലാളുകളെ ഇനിയും വോട്ടർപട്ടികയിൽ ചേർക്കാനായി കണ്ടെത്താനുള്ളത്. ബി.എൽ.ഒ., ബി.എൽ.എ മാർ സംയുക്തമായി പരിശ്രമിക്കുന്നതിലൂടെ ഏറ്റവും മികച്ച രീതിയിൽ എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രത പുലർത്തണമെന്ന കെ.പി.എ.മജീദ് എം.എൽ.എ.ആവശ്യപ്പെട്ടു. എസ്.ഐ.ആറിൽ പ്രവാസികളുടെ ജനനസ്ഥലം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.
ക്വാറി സാമഗ്രികളുടെ വിലക്കയറ്റത്തെ തുടർന്ന് നിർമ്മാണ മേഖല പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ യോഗത്തിൽ ശ്രദ്ധയിൽ പെടുത്തി. നിലവിൽ ക്വാറികളെല്ലാം പ്രവർത്തിക്കുന്നുണ്ടെന്നും ദൗർലഭ്യമുണ്ടെന്നും ക്വാറി സാമഗ്രികളുടെ വിലനിയന്ത്രണത്തിനായി ഉടൻ ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ അക്ഷയ ആധാർ അഡ്മിൻ പദവി മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം ഹിയറിംഗ് നടത്തി ഐ.ടി. മിഷൻ ഡയറക്ടർക്ക് തീരുമാനത്തിനായി നൽകിയിട്ടുണ്ടെന്നും വിഷയം ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഡോ. എ.പി.അബ്ദുസമദ് സമദാനിയുടെ പ്രതിനിധിക്ക് മറുപടിയായി ജില്ലാകളക്ടർ പറഞ്ഞു.
തെരുവുനായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പുനരധിവാസത്തിനായി ജില്ലയിൽ എ.ബി.സി. സെന്റർ തുടങ്ങുന്നതിനായി ഏറനാട് താലൂക്കിൽ സ്ഥലം ലഭ്യമാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മങ്കട, ചീക്കോട്, കൊണ്ടോട്ടി എന്നീ സ്ഥലങ്ങൾ പരിഗണിച്ചിരുന്നെങ്കിലും വഴി സൗകര്യമില്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നുവെന്ന് കളക്ടർ പറഞ്ഞു. തെരുവുനായ ശല്യം കുറുക്കോളി മൊയ്തീൻ എം.എൽ.എ.യാണ് ഉന്നയിച്ചത്.
നെൽകർഷകർക്കുള്ള വിള ഇൻഷ്വറൻസ് തുക 2024 മേയ് 31 വരെയുള്ളത് നൽകിയിട്ടുണ്ടെന്നും 10.93 കോടി രൂപ ഈയിനത്തിൽ കിട്ടാനുണ്ടെന്നും തുക ലഭ്യമായാൽ വിതരണം ചെയ്യുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ കുറുക്കോളി മൊയ്തീൻ എം.എൽ.എയെ അറിയിച്ചു.
മഞ്ചേരി ജി.ജി. എച്ച്.എസ്.എസ് നിർമ്മാണം പുരോഗമിക്കുകയാണെന്നും പട്ടിക്കാട് ജി.എച്ച്.എസ്.എസ് നിർമ്മാണത്തിനായി സ്ഥലപരിശോധന നടത്തി വരികയാണെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓർഡിനേറ്റർ യു.എ ലത്തീഫ് എം.എൽ.എയെ അറിയിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകി.
താഴേക്കാട് ഗ്രാമപഞ്ചായത്തിലെ ആറു വാർഡുകളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ കമ്മീഷനിംഗ് ഉടൻ ആരംഭിക്കുമെന്ന് ജലഅതോറിറ്റി വിഭാഗം നജീബ് കാന്തപുരം എം.എൽ.എയെ അറിയിച്ചു.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമായ പി.അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, യു.എ.ലത്തീഫ്, നജീബ് കാന്തപുരം, കെ.പി.എ.മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര, ജില്ലാ പ്ലാനിങ് ഓഫീസർ ടി.വി ഷാജു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |