
കോഴിക്കോട്: സ്വാദിഷ്ഠമായ റെഡി ടു കുക്ക് വിഭവങ്ങളുമായി ഉപഭോക്താക്കളെ കൈയിലെടുക്കാൻ കുടുംബശ്രീ 'കേരള ചിക്കൻ'. 'കേരള ചിക്കൻ' ബ്രാൻഡിൽ ചിക്കൻ നഗട്സ്, ഹോട്ട് ഡോഗ്, ചിക്കൻ പോപ്പ്, ബർഗർ പാറ്രി തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് മിതമായ നിരക്കിൽ വിപണിയിലിറക്കുക.
കേരളചിക്കൻ പദ്ധതി നടപ്പിലാക്കുന്ന ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഉത്പന്നങ്ങളെത്തിക്കുകയാണ് ലക്ഷ്യം. എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുക.
സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളായ വനിതകൾ നടത്തുന്ന 507ഫാമുകളിൽ നിന്നുള്ള ഇറച്ചിക്കോഴികളെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ച് ഉത്പന്നങ്ങളാക്കി ഔട്ട്‌ലെറ്റുകളിലെത്തിക്കും. ഗുണമേന്മയുള്ള ഇവ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ വാങ്ങാം.
ചിക്കൻ ഡ്രംസ്റ്റിക്സ്,ചിക്കൻ കറി കട്ട്, ബോൺലെസ് ബ്രെസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ഫുൾ ചിക്കൻ കേരള ചിക്കൻ എന്നിവയും ഫ്രോസൺ ചിക്കനും കുടുംബശ്രീ നിലവിൽ വിപണിയിലെത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് റെഡി ടു കുക്ക് വിഭവങ്ങൾ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം ആനയറയിലുള്ള മിനി പ്രോസസിംഗ് പ്ലാന്റിൽ നിന്ന് വിപണിയിലെത്തിക്കുന്ന ചിൽഡ് ചിക്കൻ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും പ്ലാന്റ് നിർമ്മിച്ച ശേഷമാകും ഇവ വിപണിയിലെത്തിക്കുക.
458.78 കോടി വരുമാനം
സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നായി 101.48 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. 2025- 26 സാമ്പത്തിക വർഷത്തിലെ വിറ്റുവരവിലാണ് ഈ നേട്ടം. പദ്ധതി ആരംഭിച്ച 2019ന് ശേഷം ഇതുവരെ 458.78 കോടി രൂപയുടെ വിറ്റുവരവാണ് സ്വന്തമാക്കിയത്. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വിറ്റുവരവ് 21,39,32,740 കോടി. കുറവ് പത്തനംതിട്ടയിലാണ് 4,57,239 ലക്ഷം.
''ഉത്പന്നങ്ങൾ ഉടൻ വിപണിയിലെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്''
ഷാനവാസ്
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ,
കേരള ചിക്കൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |