SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

പകൽ വെളിച്ചത്തിൽ മൊഴി നൽകിയ ശേഷം ഓഫീസിലേക്ക് മടങ്ങിപ്പോയി, പ്രതിപക്ഷനേതാവിന് കീറകടലാസ് പോലും കോടതിയിൽ ഹാജരാക്കാനായില്ല: കടകംപള്ളി

Increase Font Size Decrease Font Size Print Page
kadakampally-surendran

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹാജരായത് കഴിഞ്ഞ ശനിയാഴ്‌ചയാണ്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് നേരെ വലിയ വിമർശനമാണ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. പകൽ വെളിച്ചത്തിലാണ് എസ്ഐടിയുടെ അടുത്തേക്ക് പോയതെന്നും ചോദ്യം ചെയ്യൽ കഴിഞ്ഞ് തന്റെ യാരിസ് കാറിൽ ഓഫീസിലേക്ക് പോയെന്നും കടകംപള്ളി പറഞ്ഞു.

ഉണ്ണിക്കൃഷ്‌ണൻ പോറ്റി എഴുതിയ അപേക്ഷയിൽ അദ്ദേഹത്തെ സഹായിക്കാൻ താൻ എഴുതിക്കൊടുത്തു എന്ന വാർത്തയിൽ ആ കുറിപ്പ് പുറത്തുവിടാൻ കടകംപള്ളി മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച് 84 ദിവസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന് ഒരു കീറകടലാസ് പോലും കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ:

അന്വേഷണ സംഘത്തിന് മുന്നിൽ ഞാൻ മൊഴി നൽകിയ വിവരം അറിയാൻ വൈകിയതിന്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.


കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്‌എടി) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.
ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം.


മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ. ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തൽ', ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ നിർമ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങൾ കാണിക്കണം.


അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.


Ps: സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.


കടകംപള്ളി സുരേന്ദ്രൻ
(എം.എൽ.എ, കഴക്കൂട്ടം)

TAGS: KADAKAMPALLY SURENDRAN, CPMLEADER, SABARIMALA GOLD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY