SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.17 PM IST

ഗുരു ഈശ്വര സ്വരൂപൻ ശിവഗിരി തീർത്ഥാടന സന്ദേശം

Increase Font Size Decrease Font Size Print Page
f

ശ്രീനാരായണ ഗുരുദേവൻ ബ്രഹ്മസത്തയെ സാക്ഷാത്കരിച്ച് ബ്രഹ്മനിഷ്ഠനായി പ്രശോഭിക്കുന്ന ഈശ്വര സ്വരൂപനാണ്. അവിടുന്ന് ആദ്ധ്യാത്മികതയുടെ പരിപൂർണതയെ പ്രാപിച്ച് പരമഹംസനായി വിരാജിക്കുന്നു.

''പരമാത്മവിദ്യയുടെ പരമാവധി കണ്ടവരിദ്ധരണിയിൽ സ്വാമിയെപ്പോലൊരുവരില്ല"" എന്ന് മഹാകവി കുമാരനാശാൻ ഗുരു സ്വരൂപത്തെ വരച്ചുകാട്ടി. എന്നാൽ അവിടുന്ന് ബ്രഹ്മവിത്തായി ആർത്തരും അവശരും ആലംബഹീനരുമായ ജനകോടികളെ താഴേത്തട്ടിലുള്ള പാഴ്ച്ചേറിൽ നിന്ന് കരകയറ്റി കൈവിടാതെ കാത്തുരക്ഷിക്കുന്നത് കണ്ടപ്പോൾ ആ മഹാകവി വീണ്ടും പാടി '' പരമഹംസനീവണ്ണം മരുവുന്നു ലൗകികൻപോൽ പരമഭാഗ്യമിതെന്നേ പറയേണ്ടു നാം"". ആ പരമഭാഗ്യത്തിന്റെ ഭാഗമായി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും അന്യൂനമായ പുരോഗതി കൈവരിച്ച് നാം ദൈവത്തിന്റെ സ്വന്തം നാട്ടുകാരായി പരിലസിക്കുന്നു.

ഗുരുദേവൻ പരമദൈവമായി നമ്മോടൊപ്പമുണ്ടെങ്കിലും കൈയിലിരിക്കുന്ന കല്പകവൃക്ഷക്കനിയുടെ മാധുര്യമെന്തെന്നറിയാതെ കാഞ്ഞിരക്കുരുവിനെ തേടിയലയുന്നവരും ശ്രീനാരായണ സമൂഹത്തിൽത്തന്നെ ഏറെയുണ്ട്. ദൈവദശകത്തിൽ ഗുരുദേവൻ കാട്ടിത്തരുന്ന ഏക ദൈവസങ്കല്പം അവരറിയുന്നില്ല. ഗുരുദേവൻ സ്വാനുഭവഗീതിയിലൂടെ പാടിയതിങ്ങനെ.

പതിയേതെന്നറിയാതെൻ പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!

മതികെട്ടൊന്നിലുമില്ലാതതിവാദംകൊണ്ടൊഴിഞ്ഞുപോകുന്നു

എല്ലാറ്റിനും പതിയായി പരമസത്യമായി സൂര്യതുല്യം നമ്മിലും എവിടെയും ഗുരുദേവൻ പ്രകാശിക്കുമ്പോഴും ആ പതിയെ പരമസത്യത്തെ, പരമഗുരുവിനെ, പരമദൈവത്തെ അറിയാതെ ഇതാ ജനസമൂഹം ഓരോരോ വാദങ്ങൾ ചമച്ചുകൊണ്ട്, ഗുരുവിൽ നിന്നുതന്നെ അകന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെതന്നെ പ്രകാശമായ വിശ്വഗുരുവിനെ കേവലം സാമൂഹിക പരിഷ്കർത്താവായും വിപ്ളവകാരിയായും എന്തിന് ഒരു സമുദായത്തിന്റെ ആചാര്യനായിപ്പോലും കണ്ട് തൃപ്തിപ്പെട്ടുപോരുന്നു. ഗുരുദേവന്റെ 73 വർഷത്തെ ദിവ്യജീവിതത്തെ തൃപ്പാദങ്ങൾ രചിച്ച എഴുപത്തഞ്ചോളം വരുന്ന കൃതികളുമായി ചേർത്തുവച്ച് യഥാർത്ഥ ഗുരുസ്വരൂപം കണ്ടെത്തണമെന്ന് ഇവിടെ സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.

ശ്രീനാരായണ ഗുരുദേവന്റെയും ശിവഗിരിമഠത്തിന്റെയും യശസ് ലോകരാഷ്ട്രങ്ങൾ തന്നെ അംഗീകരിച്ചുകൊണ്ടിരിക്കുന്ന കാലയളവിലൂടെയാണ് 93-ാമത് ശിവഗിരി തീർത്ഥാടനം കടന്നുപോകുന്നത്.

''മാനവരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം"" എന്ന ഗുരുവിന്റെ ഉപദേശം ചേർത്തുപഠിക്കുക. ജാതിമതദേശ ഭേദചിന്തകൾകൊണ്ട് കലുഷിതമായ ഇന്നത്തെ ലോകത്തിന് ഗുരുദേവന്റെ ഏകലോകദർശനമാണ് ആവശ്യം. ഈ മഹിതമായ ദർശനത്തെ നുകരുവാനും പകരുവാനും ഏവർക്കും സാധിക്കുമാറാകട്ടെ.

തീർത്ഥാടന മംഗളാശംസകളോടെ,

സ്വാമി സച്ചിദാനന്ദ

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY