
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കടകംപള്ളിയുടെ മറുപടിയിൽ മൊത്തം അവ്യക്തതയെന്ന് അന്വേഷണസംഘം.
പോറ്റിക്ക് സഹായം ചെയ്യണമെന്ന് അപേക്ഷയ്ക്ക് മുകളിലെഴുതിയത് സാധാരണ നടപടിക്രമമാണോയെന്നും സംശയമുണ്ട്. ബോർഡിന്റെ കാര്യങ്ങളിൽ മന്ത്രി ഇടപെടാറില്ലെന്ന മറുപടിയും തൃപ്തികരമല്ല. പോറ്റിയുമായുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ചുള്ള മറുപടിയിലും വ്യക്തതയില്ല. പോറ്റിയുടെ മൊഴിയെടുത്തതിനു പിന്നാലെ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.
എസ്.ഐ.ടിയുടെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കടകംപള്ളി വികാരാധീനനായെന്നാണ് അറിയുന്നത്. സ്വർണക്കൊള്ളയിൽ തനിക്ക് അറിവും പങ്കുമില്ല. സ്വർണക്കള്ളനെന്ന് വിളിക്കരുത്. ആരോപണങ്ങൾ മാനസിക വിഷമമുണ്ടാക്കുന്നു. അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. പത്മകുമാറിന്റെയും വാസുവിന്റെയും മൊഴികളും പരിശോധിക്കും. മന്ത്രിയായിരിക്കെയുള്ള വിദേശ യാത്രാവിവരങ്ങളും ശേഖരിച്ചിട്ടാവും വീണ്ടും ചോദ്യം ചെയ്യൽ.
മന്ത്രിയായിരിക്കെയുള്ള വിദേശ യാത്രകൾ
2017നവംബർ: ബ്രിട്ടൺ
2018 മാർച്ച്: ജർമ്മിനി, ഫ്രാൻസ്, ഇറ്റലി
2018 മാർച്ച്: വത്തിക്കാൻ
2018 ഏപ്രിൽ: യു.എ.ഇ
2018 ജൂലായ്: അമേരിക്ക
2019 ജനുവരി: സ്പെയിൻ
2019 ഫെബ്രുവരി: യു.എ.ഇ
2019 ഏപ്രിൽ: യു.എ.ഇ
209 മേയ്: യു.എ.ഇ
2019 സെപ്തംബർ: കസാഖിസ്ഥാൻ
2019 ഒക്ടോബർ: യു.എ.ഇ
2019 ഒക്ടോബർ: ജപ്പാൻ
(വത്തിക്കാൻ,അമേരിക്ക, 2 വട്ടം യു.എ.ഇ യാത്രകൾ സ്വകാര്യാവശ്യത്തിന്)
പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ഒരുമിച്ച് ചോദ്യംചെയ്തു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
സ്മാർട്ട് ക്രിയേഷനിൽ വേർതിരിച്ച സ്വർണം ആർക്കൊക്കെ നൽകിയെന്ന വിവരം കിട്ടിയിട്ടുണ്ട്. മുൻ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ നൽകിയ മൊഴികൾ സംബന്ധിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്ന് അന്വേഷണ സംഘം വ്യക്തത തേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തമിഴ്നാട് സ്വദേശികളായ ഡി.മണി, ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവർക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന വിവരം കിട്ടിയിട്ടില്ല. മണിയെക്കുറിച്ച് വിവരം നൽകിയ പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ തനിക്ക് അറിയില്ലെന്ന് മണി മൊഴി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായ മറ്റൊരു തമിഴ്നാട് സ്വദേശി ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. ഇത്തരത്തിൽ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഇതിനായി ഈ സംഘം പ്രവാസി വ്യവസായിയെ സമീപിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
അടൂർ പ്രകാശിനെ ചോദ്യം ചെയ്തേക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്തേക്കുമെന്ന് സൂചന. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനാണിത്. പോറ്റിയും കോൺഗ്രസ് നേതാക്കളും ഉൾപ്പെടുന്ന ഫോട്ടോകൾ സംബന്ധിച്ച വിവരങ്ങൾ ആരായും. സോണിയ ഗാന്ധിയെ ഡൽഹിയിൽ കണ്ടപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശും ഉണ്ടായിരുന്നു. എസ്. ഐ. ടി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |