SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.20 PM IST

തീർത്ഥാടനത്തിൽ സർക്കാരുകൾ പങ്കാളികളാവണം: വെള്ളാപ്പള്ളി

Increase Font Size Decrease Font Size Print Page
d

ശിവഗിരി: ശിവഗിരി തീർത്ഥാടനങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പങ്കാളികളായാൽ അത് രാജ്യത്തിന് തന്നെ മാതൃകയാവുമെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിദ്യാലയം ദേവാലയമാകട്ടെ എന്നു ചിന്തിച്ച മഹാഗുരുവിന് സമർപ്പിക്കാവുന്ന ദക്ഷിണയാകും അത്.

അനാചാരങ്ങളുടെ അന്ധകാരത്തിലമർന്നു കിടന്ന മലയാള മണ്ണിനെ നവോത്ഥാന ചിന്തകളുടെ വിളനിലമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണ്. അന്തസും അഭിമാനവും ചവിട്ടിയരക്കപ്പെട്ട ഒരു ജനതയുടെ വിമോചനം ആശയങ്ങളിലൂടെയും ആത്മീയതയിലൂടെയും അദ്ദേഹം നേടിയെടുത്തു. ജാതി, മത, വർഗ,വർണ ഭേദമെന്യേ സർവതോന്മുഖമായ പുരോഗതിക്കായി ഗുരുദേവൻ ആവിഷ്കരിച്ചതാണ് ശിവഗിരി തീർത്ഥാടനം. അനന്യമായ ഈ തീർത്ഥാടനത്തെ കേരളം ഏറ്റെടുത്തിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടിവരും.

ആഗോള നിക്ഷേപക സംഗമവും സമാനമായ മറ്റ് പരിപാടികളും സർക്കാരുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. 93 വർഷം മുമ്പ് തീർത്ഥാടനമെന്ന ആശയം ആവിഷ്കരിക്കുമ്പോൾ ഗുരുദേവൻ നിർദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഭക്തി, സംഘാടനം, കൃഷി, വ്യാപാരം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ അഷ്ടലക്ഷ്യങ്ങൾ തന്നെയാണ് ഇന്നത്തെ നിക്ഷേപക സംഗമങ്ങളുടെയും സാരാംശം.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നിർണായക ഏടുകളാണ് ആലുവ സർവ്വമത സമ്മേളനം, വൈക്കം സത്യാഗ്രഹം, ഗുരുദേവനും ഗാന്ധിയും തമ്മിലും ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും തമ്മിലുമുള്ള സംവാദങ്ങൾ എന്നിവ. ശിവഗിരി തീർത്ഥാടനം നൂറാം വർഷത്തിന്റെ പടിവാതിൽക്കലിലാണ്. ഇനി വരുന്ന തീർത്ഥാടനങ്ങൾ കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ദിശാസൂചകങ്ങളാകാൻ സാധിക്കുംവിധം സംഘടിപ്പിക്കാൻ നമുക്കെല്ലാം ചേർന്നു ശ്രമിക്കാം. എല്ലാവർക്കും ഗുരുദേവ നാമത്തിൽ വെള്ളാപ്പള്ളി പുതുവത്സരാശംസകളും നേർന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY